ഡിജിറ്റൽ സർവേ: ഭൂമി വിവരം പോർട്ടലിൽ ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം
Mail This Article
തിരുവനന്തപുരം ∙ ആദ്യഘട്ടത്തിൽ ഭൂമിയുടെ ഡിജിറ്റൽ സർവേ നടക്കുന്ന 200 വില്ലേജുകളിലെ ഭൂ ഉടമസ്ഥർ ‘എന്റെ ഭൂമി’ പോർട്ടലിൽ (https://entebhoomi.kerala.gov.in) ഭൂമിയുടെ വിവരം ഉണ്ടോ എന്നു പരിശോധിക്കാൻ റവന്യു വകുപ്പിന്റെ നിർദേശം. ഇല്ലെങ്കിൽ പോർട്ടൽ മുഖേന അപേക്ഷിക്കണം.
സർവേ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന വിവരങ്ങൾ പരിശോധനയ്ക്കായി നൽകുക, അതിർത്തികളിലെ കാടുകൾ തെളിച്ച് സർവേ ചെയ്യാൻ സൗകര്യം ഒരുക്കുക, അതിർത്തി അടയാളങ്ങൾ കൃത്യമാക്കുക, സർവേ ഘട്ടത്തിലും പൂർത്തിയാകുമ്പോഴും രേഖകൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പാക്കുക, സർവേ സമയത്ത് ഭൂ ഉടമസ്ഥർ സ്ഥലത്ത് ഇല്ലെങ്കിൽ ഒരാളെ ചുമതലപ്പെടുത്തുക എന്നിവയാണു മറ്റു നിർദേശങ്ങൾ.
ബോധവൽക്കരണത്തിന് 200 വില്ലേജുകളിൽ ഈ മാസം 12നും 30നും ഇടയിൽ സർവേ സഭകൾ രൂപീകരിക്കും. സംസ്ഥാനതല ഉദ്ഘാടനം മംഗലപുരം വെയിലൂർ വില്ലേജിലെ തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ 12നു നടക്കും. ഗ്രാമസഭകൾ സർവേ സഭ എന്ന പേരിൽ വിളിച്ചു ചേർക്കുന്നതാണു നടപടി. 200 വില്ലേജുകളിലെ തദ്ദേശ സ്ഥാപന പ്രതിനിധികൾ, കലക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗം മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ ചേർന്ന് സർവേ സഭയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. നവംബർ 1ന് ആരംഭിക്കുന്ന സർവേക്കായി 1500 സർവേ ഉദ്യോഗസ്ഥരെയും 3500 താൽക്കാലിക ഹെൽപ്പർമാരെയും നിയമിക്കും. പദ്ധതിക്കായി 807.38 കോടി രൂപ റീബിൽഡ് കേരളയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.
English Summary: Land digital survey