ദിവകരന്റെ വിമർശനം: നടപടി സംസ്ഥാന കൗൺസിൽ തീരുമാനിക്കുമെന്നു കാനം
Mail This Article
തിരുവനന്തപുരം ∙ സിപിഐ നേതൃത്വത്തെ വിമർശിച്ച മുതിർന്ന നേതാവ് സി.ദിവാകന്റെ നിലപാടുകളെക്കുറിച്ചു പുതിയ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്തു നടപടിയാണെന്നു കൗൺസിലിന്റെ റിവ്യൂവിനു ശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മീറ്റ് ദ് പ്രസിൽ പറഞ്ഞു.
അഭിപ്രായങ്ങളെ സിപിഐ അടിച്ചമർത്താറില്ല. വിമർശനവും സ്വയം വിമർശനവും പാർട്ടി അനുവദിച്ചിട്ടുണ്ട്. ചിലർ പുറത്തു ചില അഭിപ്രായപ്രകടനങ്ങൾ നടത്തും. അതു വ്യക്തിപരമാണെന്നു പാർട്ടി വിശദീകരിച്ചിട്ടുണ്ട്. താഴേത്തട്ടു മുതൽ സംസ്ഥാനതലം വരെ സമ്മേളനങ്ങളിൽ ഒരാൾ പോലും ഇടതു മുന്നണിയുടെ രാഷ്ട്രീയ നിലപാടുകളെ വിമർശിച്ചിട്ടില്ല.
2015ൽ താൻ സംസ്ഥാന സെക്രട്ടറി ആയതു മുതൽ പാർട്ടിക്കു വലിയ വളർച്ച ഉണ്ടായി. അന്നു 1.20 ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 1.77 ലക്ഷം ആയി. പാർട്ടി വളരുന്നത് അനുസരിച്ചു ലോക്സഭ, നിയമസഭ സീറ്റുകളും വർധിക്കണമെന്നു സിപിഐക്ക് അഭിപ്രായമില്ല. ലഭിച്ച സീറ്റുകളിൽ പരമാവധി സ്ഥാനാർഥികളെ വിജയിപ്പിക്കാനാണു ശ്രമിക്കുന്നത്. എന്നാൽ 2016ൽ 19 നിയമസഭാ സീറ്റിൽ ജയിച്ചെങ്കിലും 21ൽ17 സീറ്റിലെ വിജയിച്ചുള്ളൂ. ഇതേക്കുറിച്ചു സമ്മേളനം ചർച്ച ചെയ്തിരുന്നു.
ഇടതു മുന്നണി വിപുലീകരിക്കാൻ തീരുമാനിച്ചിട്ടില്ല. രാജ്യത്താകെ ഇടത് ഐക്യത്തിൽ ഉൾപ്പെട്ട പാർട്ടിയായതുകൊണ്ടാണ് ആർഎസ്പി വരാൻ തീരുമാനിച്ചാൽ സ്വാഗതം ചെയ്യുമെന്നു താൻ പറഞ്ഞത്. എന്നാൽ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ സമീപനം ഇടതു മുന്നണിയോടു ചേർന്നുനിൽക്കുന്നതല്ല.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സിപിഐ വിമർശിക്കില്ല. ഗുജറാത്തിൽ കോൺഗ്രസിന്റെ യാത്ര ഇല്ലെന്നു പറയുന്നതിൽ കാര്യമില്ല. ജോഡോ യാത്രയ്ക്കുശേഷം ഗുജറാത്തിൽ പ്രത്യേക യാത്ര നടത്തുമെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിക്കു ശക്തമായ ബദലാകാൻ കോൺഗ്രസ് കൂടുതൽ ശക്തിപ്പെടണം. ഹിന്ദുത്വ വർഗീയതയ്ക്കു മുസ്‌ലിം വർഗീയതയും ക്രിസ്ത്യൻ വർഗീയതയും ബദലാകില്ല. വർഗീയതയെ ജനാധിപത്യപരമായാണു പരാജയപ്പെടുത്തേണ്ടതെന്നും കാനം പറഞ്ഞു.
English Summary: State Council will decide regarding action against C Divakaran says Kanam Rajendran