പറഞ്ഞുവീഴ്ത്താൻ മിടുക്കൻ; പലവിധം തട്ടിപ്പ്
Mail This Article
കൊച്ചി ∙ ആരെയും വീഴ്ത്തുന്ന വാക് സാമാർഥ്യമായിരുന്നു ഷാഫിയുടെ തുറുപ്പുചീട്ട്. പല നാടുകളിലായി വാടക വീടുകളിലാണു താമസം. യഥാർഥ സ്വദേശം ഇടുക്കിയിലെ മുരിക്കാശേരിയാണെന്നു പറയപ്പെടുന്നു.
കൊച്ചിയിൽ വന്നിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. മുൻപു പെരുമ്പാവൂരിലും താമസിച്ചിരുന്നു. നിലവിൽ കുടുംബത്തോടൊപ്പം എറണാകുളം ഗാന്ധിനഗറിലെ വാടക വീട്ടിലാണു താമസം. 8 മാസം മുൻപു ചിറ്റൂർ റോഡിൽ ‘അദീൻസ്’ എന്ന പേരിൽ ഹോട്ടൽ തുടങ്ങി. ഹോട്ടൽ ഇന്നലെ പൊലീസ് അടച്ചു പൂട്ടി.
പെരുമ്പാവൂരിൽ 12 വർഷം മുൻപു കണ്ടന്തറയിൽ ഇയാൾ വാടകയ്ക്കു താമസിച്ചിരുന്നു. ഒപ്പം ഭാര്യയും 2 പെൺമക്കളും ഉണ്ടായിരുന്നു. പലവീടുകളിലായി 5 വർഷത്തോളം കണ്ടന്തറയിൽ താമസിച്ചതായി ഒരു വീടിന്റെ ഉടമ റഫീഖ് പറഞ്ഞു.
പെരുമ്പാവൂരിൽ താമസിക്കുമ്പോൾ മീൻ കച്ചവടം, കാർ സർവീസിങ്, ഡ്രൈവിങ് തുടങ്ങിയ ജോലികളാണ് ചെയ്തിരുന്നത്. അക്കാലത്താണ് ആധാർ കാർഡ് എടുത്തത്. രേഖകളിലെല്ലാം പെരുമ്പാവൂരിലെ വിലാസമാണുള്ളത്. പിന്നീട് ചെമ്പറക്കിയിലേക്കു താമസം മാറി. ഇവിടെ താമസിക്കുമ്പോൾ പെൺമക്കളുടെ വിവാഹം നടത്തി. 2020ലാണു കോലഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായത്. ജാമ്യത്തിലിറങ്ങിയ ശേഷം കൊച്ചിയിലേക്കു താമസം മാറ്റി. ഇയാളുമായി പരിചയമുള്ള ബിലാൽ എന്നയാളെ കടവന്ത്ര പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഷാഫി സ്ഥിരം മദ്യപാനിയാണെന്നും ഒരു വർഷത്തോളമായി അറിയാമെന്നും ബിലാൽ പറഞ്ഞു.
സ്വന്തമായി വാങ്ങിയതും വാടകയ്ക്ക് എടുത്തതുമായി ഒട്ടേറെ വാഹനങ്ങൾ ഇയാൾക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിൽ ഒരു വാഹനത്തിലാണ് സ്ത്രീകളെ പ്രതി പത്തനംതിട്ടയ്ക്കു കൊണ്ടു പോയത്. ഈ വാഹനം കടവന്ത്ര പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Content Highlight: Human Sacrifice in Kerala