ADVERTISEMENT

കൊച്ചി ∙ സ്ത്രീകളെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന മനോവൈകല്യത്തിന് അടിമയായ ഷാഫി, അതിനു വേണ്ടി ആസൂത്രണം ചെയ്തതാണ് ഇരട്ട നരബലിയെന്ന് പൊലീസ്. നരബലിയുടെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫിക്കെതിരെ പീഡനമുൾപ്പെടെ 8 കേസുകൾ നേരത്തേ നിലവിലുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

പുത്തൻകുരിശിൽ വയോധികയെ പീഡിപ്പിച്ച കേസിൽ ഷാഫി നേരത്തേ പ്രതിയാണ്. സമാനമായ രീതിയിൽ ഷാഫി കൂടുതൽ സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടാകാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. പൂജ നടത്തിയതിനു ആദ്യം 3 ലക്ഷം രൂപയും പീന്നീട് കുറച്ചു പണം കൂടിയും ദമ്പതികൾ മുഹമ്മദ് ഷാഫിക്കു കൈമാറിയിട്ടുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണർ പറ‍ഞ്ഞു.

ബുദ്ധിമാനായ കുറ്റവാളി

പത്മയെ കൊലപ്പെടുത്തുന്നതിനു 2 ദിവസം മുൻപ് മൊബൈൽ ഫോൺ നശിപ്പിച്ച ഷാഫിയെ ബുദ്ധിമാനായ കുറ്റവാളിയെന്നാണു പൊലീസ് വിശേഷിപ്പിക്കുന്നത്. ആറാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം ലഭിച്ച മുഹമ്മദ് ഷാഫി, ഭാര്യയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചു ഫെയ്സ്ബുക്കിൽ ശ്രീദേവി എന്ന പേരിൽ അക്കൗണ്ട് ഉണ്ടാക്കിയത് 2019ലാണ്. ഇതുവഴി  ഭഗവൽ സിങ്ങുമായി പരിചയത്തിലായി. പെരുമ്പാവൂർ സ്വദേശിയായ മന്ത്രവാദിയെ പ്രീതിപ്പെടുത്തിയാൽ സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും നേടാമെന്നു വിശ്വസിപ്പിച്ചു. 

2019 മുതൽ‌ തുടർച്ചയായി ശ്രീദേവിയെന്ന നിലയിൽ ഷാഫിയും ഭഗവൽ സിങ്ങും വഴി ഫെയ്സ്ബുക്കിൽ ആശയവിനിമയം നടന്നിരുന്നു. സാമ്പത്തിക അഭിവൃദ്ധി നേടാനുള്ള വഴികളെക്കുറിച്ചുള്ള വിശദമായ സംഭാഷണങ്ങൾ പൊലീസ് ശേഖരിച്ച ഈ ചാറ്റുകളിലുണ്ട്. പാപത്തിന്റെയും ശാപത്തിന്റെയും പടുകുഴിയിലാണ് ഇരുവരുമെന്ന് ഓരോ സംഭാഷണത്തിലും ‘ശ്രീദേവി’ ഓർമിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമുണ്ടാക്കാനും നഷ്ടമായ ഐശ്വര്യം തിരിച്ചു പിടിക്കാനും അദ്ഭുതകരമായ സിദ്ധികളുള്ള ദിവ്യനെ പരിചയപ്പെടുത്താമെന്നു വാഗ്ദാനം നൽകുന്നുമുണ്ട്. 

തുടർന്നു റഷീദ് എന്ന സിദ്ധനായി  ചമഞ്ഞ് നേരിട്ടു വന്നു വീട്ടുകാരുടെ വിശ്വാസവും നേടി. നരബലിയാണ് പ്രശ്നപരിഹാരമെന്നു വരുത്തിത്തീർത്തു. പലവട്ടം വീട്ടിൽ താമസിച്ചു. ചോദ്യം ചെയ്യലിനിടയിലാണു ഷാഫിയും ശ്രീദേവിയും ഒരാളാണെന്നു ഭഗവൽ സിങ് – ലൈല ദമ്പതികൾ തിരിച്ചറിഞ്ഞത്. 

ഇടുക്കിയിലാണ് ഷാഫിയുടെ സ്വദേശമെന്നു പറയുന്നുവെങ്കിലും 16–17 വയസ്സിലേ ഇയാൾ വീടുവിട്ടു. പല നാടുകളിലായി ലോറി ഡ്രൈവർ, മെക്കാനിക്, മീൻ കച്ചവടം, ഹോട്ടൽ എന്നിങ്ങനെ പല ജോലികളാണ് ചെയ്തിരുന്നത്. 

കൊച്ചിയിലേക്കു താമസം മാറ്റിയ ശേഷം ചിറ്റൂർ റോഡിലെ റോഡിൽ തുടങ്ങിയ ഹോട്ടലായിരുന്നു ഉപജീവനമെന്ന നിലയിൽ ഉണ്ടായിരുന്നത്. മദ്യപാനം പതിവായിരുന്ന ഇയാൾ ഹോട്ടലിനു സമീപത്തെ മറ്റു വ്യാപാരികളുമായോ താമസിച്ചിരുന്ന വീടിനു സമീപത്തുള്ളവരുമായോ വലിയ അടുപ്പം സൂക്ഷിച്ചിരുന്നില്ല. ചിറ്റൂർ  റോഡിലെ ലോട്ടറി വിൽപനക്കാരിൽ പലരും ഇയാളുടെ കടയിൽ നിന്നു ഭക്ഷണം കഴിച്ചിരുന്നു. അങ്ങനെയാണ് ലോട്ടറിവിൽപനക്കാരുമായി പരിചയം. കൊലപ്പെടുത്തിയ രണ്ടു പേരെക്കൂടാതെ മറ്റു ചിലരോടും ഇയാൾ പണം വാഗ്ദാനം ചെയ്തിരുന്നു.

ശരീരത്തിലെ മുറിവുകൾ സമാനം

സ്ത്രീകളുടെ ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ മുറിവുകളുണ്ടാക്കിയാണു ഷാഫി  ആനന്ദം കണ്ടെത്തിയിരുന്നത്. ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്‌ലിയുടെയും പത്മയുടെയും ശരീരത്തിൽ സമാനമായ രീതിയിലാണു ഷാഫി മുറിവുകളുണ്ടാക്കിയത്. കൊലപാതകത്തിലും മൃതദേഹം കുഴിച്ചു മൂടുന്നതിലും 3 പ്രതികളും പങ്കാളികളായിരുന്നു. മാലിന്യം കുഴിച്ചിടാനെന്ന വ്യാജേന നേരത്തേ തന്നെ കുഴിയെടുത്ത ശേഷമാണു കൊലപാതകങ്ങൾ നടത്തിയത്.

കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കിയതിനു ശേഷമാണു പത്മയെ കൊലപ്പെടുത്തിയത്. എന്നാൽ, റോസ്‌ലിയുടെ കഴുത്തു ഞെരിച്ചിരുന്നില്ല. മൃതദേഹഭാഗങ്ങൾ പല കുഴികളിലിട്ടു മൂടി. കൊലപാതകം നടന്നതു വൈകിട്ട് 5നു ശേഷമായിരുന്നുവെന്നും അർധരാത്രിക്കു ശേഷമാണു  കുഴിയിലിട്ടു മൂടിയതെന്നും അന്വേഷണത്തിനു നേതൃത്വം നൽകിയ ഡിസിപി എസ്. ശശിധരൻ പറഞ്ഞു.

രക്തം തളിച്ചാലാണ് സമ്പത്തും ഐശ്വര്യവും ഉണ്ടാകുന്നതെന്നാണ് ഷാഫി ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. കൊല്ലപ്പെട്ട സ്ത്രീകളുടെ രക്തം നിറച്ച പാത്രങ്ങൾ വീടിനു മുന്നിലുള്ള തറയിലും മറ്റും കൊണ്ടു വച്ചിരുന്നു. ചിത്രങ്ങളിൽ അഭിനയിക്കാനായി വൻ തുക വാഗ്ദാനം ചെയ്താണു ഷാഫി രണ്ടു സ്ത്രീകളെയും ഇലന്തൂരിലെത്തിച്ചത്. 

വയോധികയെ പീഡിപ്പിച്ചതും ആഭിചാരം?

2020 ഓഗസ്റ്റിൽ കോലഞ്ചേരിയിൽ 75 വയസ്സുള്ള വയോധികയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷാഫി. കഴിഞ്ഞ വർഷം ജാമ്യം ലഭിച്ച ശേഷമാണ് ഇയാൾ കൊച്ചിയിലേക്കു താമസം മാറ്റിയത്. വയോധികയുടെ ശരീരത്തിലും ഷാഫി കത്തി ഉപയോഗിച്ച് മുറിവുകളുണ്ടാക്കിയിരുന്നു. അന്നത്തെ കൂട്ടുപ്രതി ഓമനയുടെ മകന്റെ മദ്യപാനം മാറ്റാനുള്ള കർമങ്ങൾ നടത്താമെന്നു പറഞ്ഞാണ് ഷാഫി എത്തിയതെന്ന മൊഴിയുടെ പശ്ചാത്തലത്തിൽ അതും ആഭിചാരക്രിയയുടെ ഭാഗമായിരുന്നോ എന്നു സംശയം ഉയരുന്നുണ്ട്. 

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ വയോധിക കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആഴ്ചകൾ നീണ്ട ചികിത്സയ്ക്കൊടുവിലാണു രക്ഷപ്പെട്ടത്. അന്ന് ആലുവയിലെ ചെമ്പറക്കിയിൽ താമസിച്ചിരുന്ന ഷാഫി ലോറി ഡ്രൈവറായിരുന്നു. പാങ്കോട് ആശാരിമൂലയിൽ ഓമനയാണു വയോധികയെ പുകയില നൽകാമെന്നു പ്രലോഭിപ്പിച്ച് ഷാഫിയുടെ മുൻപിൽ എത്തിച്ചത്. ഈ കേസിൽ ഓമന മൂന്നാം പ്രതിയും ഓമനയുടെ മകൻ മനോജ് രണ്ടാം പ്രതിയുമാണ്. 

16 വർഷം മുൻപു വെള്ളത്തൂവൽ സ്‌റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസിലും ഷാഫി പ്രതിയാണ്. മുക്കുടം ഇഞ്ചപതാലിൽനിന്നു പാചക വാതക സിലിണ്ടർ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാൾ ഉൾപ്പെടെ 4 പേർക്കെതിരെ വെള്ളത്തൂവൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

Content Highlight: Human Sacrifice in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com