കേരളത്തിനു ‘ശ്വാസംമുട്ടുന്നു’; ചികിത്സിക്കാനാളില്ല
Mail This Article
കണ്ണൂർ ∙ ശ്വാസകോശരോഗങ്ങൾ വർധിക്കുമ്പോഴും സർക്കാർ മേഖലയിൽ വിദഗ്ധ ചികിത്സയ്ക്ക് സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ 74 തസ്തിക മാത്രം. ഇതേ വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള 91 ഡോക്ടർമാർ തസ്തികയില്ലാത്തതിനാൽ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരായും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫിസർമാരായും ജോലി ചെയ്യുന്നു.
കേരളത്തിൽ കോവിഡ് വന്ന അഞ്ചിലൊരാളും ശ്വാസകോശരോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നുവെന്നാണു പഠനം. ഫൈബ്രോസിസ് ഉൾപ്പെടെയുള്ള ശ്വാസകോശ രോഗാവസ്ഥകളുള്ളവരുമുണ്ട്. വിട്ടുമാറാത്ത ചുമ, ക്ഷീണം, ശ്വാസംമുട്ടൽ, ശരീരവേദന, നെഞ്ചുവേദന, തലവേദന, മാനസികപ്രശ്നങ്ങൾ, വിഷാദം, ഉറക്കക്കുറവ് തുടങ്ങിയവയും സാധാരണമാണ്. കോവിഡ് മൂലം ഹൃദയപേശികൾക്കുണ്ടായ ബലഹീനത, ശ്വാസംമുട്ടൽ മുതൽ ഹൃദയതാളത്തിൽ വ്യതിയാനം വരെയുണ്ടാക്കുന്നുണ്ട്. ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കുന്ന പൾമനറി എംബോളിസം ഹൃദയാഘാതമോ, പക്ഷാഘാതമോ ഉണ്ടാക്കിയേക്കാം.
സംസ്ഥാനത്തെ ശ്വാസകോശരോഗ വിദഗ്ധരുടെ 15 കൺസൽറ്റന്റ് പോസ്റ്റുകളിൽ 8 എണ്ണവും തിരുവനന്തപുരത്താണ്. വയനാട്, ഇടുക്കി, കാസർകോട്, കൊല്ലം തുടങ്ങിയ ജില്ലകളിൽ ഒന്നുപോലുമില്ല. മറ്റു ജില്ലകളിലും ഒന്നോ രണ്ടോ പേർ മാത്രം. കൂടുതൽ കോവിഡ് രോഗികളുണ്ടായിരുന്ന ജില്ലകളിലൊന്നായ എറണാകുളത്ത് ജനറൽ ആശുപത്രിയിൽ ഒരു ജൂനിയർ കൺസൽറ്റന്റ് മാത്രം. 2025 ഓടെ സമ്പൂർണ ക്ഷയരോഗനിർമാർജനമെന്ന ലക്ഷ്യവും നടപ്പാക്കേണ്ടത് ഈ വിഭാഗം ഡോക്ടർമാരാണ്.
English Summary: Lung disease increasing in Kerala