ADVERTISEMENT

പാലാ ∙ മൂന്നാർ‍ പെട്ടിമുടി ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ജി.ഗോപിക ഇന്ന് പാലക്കാട് ഗവ.മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേരും. പഠിച്ചു ഡോക്ടറാകണമെന്ന ഗോപികയുടെയും മാതാപിതാക്കളുടെയും ആഗ്രഹത്തിനു പൂർണ പിന്തുണ നൽകിയ പാലാ ബ്രില്യന്റിലെ അധ്യാപകരാണ് ഗോപികയെ ഇന്ന് പാലക്കാട് മെഡിക്കൽ കോളജിൽ അഡ്മിഷനായി കൊണ്ടുപോകുന്നതും.

അച്ഛൻ പി.ഗണേശൻ, അമ്മ തങ്കം എന്നിവരുൾപ്പെടെ കുടുംബത്തിലെ 24 പേരെയാണ് 2020 ഓഗസ്റ്റ് 6നു ഉരുൾപൊട്ടലിൽ ഗോപികയ്ക്ക് നഷ്ടപ്പെട്ടത്. നാടിനെ നടുക്കിയ ദുരന്തം നടക്കുമ്പോൾ ഗണേശന്റെ സഹോദരിയുടെ മകൾ ലേഖയുടെ തിരുവനന്തപുരം പട്ടത്തെ വീട്ടിലായിരുന്നു ഗോപികയും സഹോദരി ഡിഗ്രി വിദ്യാർഥിയായ ഹേമലതയും. 

അന്ന് ദുരന്തം നടക്കുന്നതിന്റെ തൊട്ടു മുൻപ്  അച്ഛനും അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. അവരുടെ ആഗ്രഹമായിരുന്നു ഡോക്ടറാകുക എന്നത്. അതിനായുള്ള ശ്രമമാണ് ഇനി. തികഞ്ഞ ആത്മവിശ്വാസമുണ്ട്-ഗോപിക പറഞ്ഞു. ബ്രില്യന്റ് അധികൃതർ വലിയ പിന്തുണയാണ് നൽകിയത്. പൂർണ സൗജന്യമായിരുന്നു പഠനം. കഷ്ടപ്പാടുകൾക്കിടയിലും പ്രോത്സാഹനം നൽകിയ അധ്യാപകർ, സുഹൃത്തുക്കൾ, ജനപ്രതിനിധികൾ തുടങ്ങി എല്ലാവരോടും നന്ദിയുണ്ട്. ഒന്നര വർഷം മുൻപാണ് അവസാനമായി പെട്ടിമുടിയിൽ പോയത്. അടുത്തയാഴ്ച വീണ്ടും അവിടേക്കു പോകുന്നുണ്ട്- ഗോപികയുടെ കണ്ണുകളിൽ നീർത്തിളക്കം.

മൂന്നാർ രാജമല എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിൽ നിന്ന് ആദ്യമായാണ് ഒരാൾ എംബിബിഎസിനു ചേരുന്നത്. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഗോപിക എ പ്ലസ് നേടിയിരുന്നു. ‍സർക്കാരിന്റെ ദത്തുപുത്രി കൂടിയാണ് ഗോപിക.

English Summary: Gopika to join mbbs today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com