ADVERTISEMENT

തിരുവനന്തപുരം ∙ സുഹൃത്തായ ബിരുദ വിദ്യാർഥിയെ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ കേരള അതിർത്തിയിൽ കാരക്കോണത്ത‍ിനു സമീപം രാമവർമൻചിറ സ്വദേശി ഗ്രീഷ്മയുടെ (23) അറസ്റ്റ് രേഖപ്പെടുത്തി. 

കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ നിന്ന് അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവൻ നിർമൽ കുമാറിനും പങ്കുണ്ടെന്നു വ്യക്തമായതിനെത്തുടർന്ന് ഇവരെയും കസ്റ്റഡിയിലെടുത്തു. ഇവരെ പ്രതി ചേർത്ത് ഇന്നു കോടതിയിൽ ഹാജരാക്കും. പാറശാല മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിന്റെ (23) കൊലപാതകക്കേസിൽ ഇതോടെ പ്രതികളുടെ എണ്ണം മൂന്നായി. പൊലീസ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിലെ ശുചിമുറിയിൽ നിന്നു പ്രതി ലോഷൻ കുടിച്ച സംഭവത്തിൽ, സുരക്ഷാ വീഴ്ച വരുത്തിയ രണ്ടു വനിതാ പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

 നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ സുമ, ഗായത്രി എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ആശുപത്രിയിൽ കഴിയുന്ന ഗ്രീഷ്മയുടെ വായിൽ പൊള്ളലേറ്റിട്ടുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഇന്ന് ആശുപത്രി വിട്ടേക്കും. 

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആശുപത്രിയിലെത്തി ഗ്രീഷ്മയുടെ മൊഴിയെടുത്തു. പിന്നാലെ, വൈകിട്ട് 3.20 ന് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. റിമാൻഡ് റിപ്പോർട്ട് ഇന്നു നെയ്യാറ്റിൻകര മജിസ്ട്രേട്ടിനു നൽകും. തുടർന്നു തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

ഷാരോണിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണു ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. അതിനു ശേഷം ഇന്നലെ പുലർച്ചെ ഒന്നരയോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. രാവിലെ എട്ടരയോടെ വനിതകൾക്കുള്ള വിശ്രമമുറിയിലെ ശുചിമുറിയിൽ പോയപ്പോഴാണു ഗ്രീഷ്മ അവിടെ വച്ചിരുന്ന ലോഷൻ കുടിച്ചത്. റൂറൽ എസ്പി ഓഫിസിലേക്കു കൊണ്ടുപോകാൻ ജീപ്പിൽ കയറ്റുന്നതിനിടെ ഛർദിച്ചതോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. 

 

English Summary: Sharon murder: Case against Greeshma's mother and uncle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com