ADVERTISEMENT

കോട്ടയം ∙ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സ‍ർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരം (5 ലക്ഷം രൂപ) സേതുവിന്. കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണിത്. മലയാള നോവൽ ചരിത്രത്തിൽ ഒരു വിഛേദം തന്നെ കൊണ്ടുവന്ന കൃതിയാണ് സേതുവിന്റെ ‘പാണ്ഡവപുര’മെന്ന് അവാർഡ് നിർണയസമിതി വിലയിരുത്തി.

മാജിക് റിയലിസത്തിന്റെ സങ്കേതം ഉപയോഗിച്ച് മലയാളികളുടെ സദാചാര സങ്കൽപത്തെ നിർഭയം അഭിമുഖീകരിക്കാനും പുതുക്കിപ്പണിയാനും ആർജവം കാണിച്ച ‘പാണ്ഡവപുരം’ ഇംഗ്ലിഷും ജർമനുമടക്കം 9 ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി. മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായി. കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തു വർക്കി അവാർഡ് എന്നിവ ലഭിക്കുകയും ചെയ്തു.

സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനും സിഇഒയും ആയിരുന്ന സേതു ഔദ്യോഗിക തിരക്കുകൾക്കിടയിലും എഴുത്തിൽ സജീവമായിരുന്നു. നോവൽ, കഥ വിഭാഗങ്ങളിലായി മുപ്പത്തിയഞ്ചിലേറെ കൃതികൾ രചിച്ചു. അടയാളങ്ങൾ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്), മറുപിറവി (ഓടക്കുഴൽ അവാർഡ്), കൈമുദ്രകൾ (മലയാറ്റൂർ അവാർഡ്), നിയോഗം (വിശ്വദീപം അവാർഡ്), ചേക്കുട്ടി (കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം), ഏഴാം പക്കം തുടങ്ങിയവയാണ് പ്രധാന കൃതികൾ. ‘പേടിസ്വപ്നങ്ങളി’ലൂടെ കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഡയറക്ടർ, നാഷനൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

∙ ‘ഭാഷാപിതാവിന്റെ പേരിലുള്ള അവാർഡ് ആയതിനാൽ ഇതിനു മാധുര്യം കൂടുതലാണ്. സർക്കാർ തരുമ്പോൾ അതൊരു ജനകീയ അവാർഡായി കണക്കാക്കാം.’ – സേതു

vn-vasavan-ezhuthachan-award-announcement
എഴുത്തച്ഛൻ‌ പുരസ്കാരം സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ കോട്ടയത്ത് പ്രഖ്യാപിക്കുന്നു

English Summary: Ezhuthachan Puraskaram For Sethu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com