ADVERTISEMENT

തിരുവനന്തപുരം ∙ പാർട്ടി കോൺഗ്രസ് വരെ കേരളത്തിലെ സിപിഐ ഉയർത്തിപ്പിടിച്ച ദേശീയ കൗൺസിലിന്റെ മാർഗരേഖ അതിനു തൊട്ടുപിന്നാലെ ചേർന്ന കൗൺസിൽ യോഗം ഒടിച്ചു മടക്കി. അസി.സെക്രട്ടറിമാർ സംസ്ഥാന സെക്രട്ടറിയെക്കാൾ പ്രായം കുറഞ്ഞവർ ആയിരിക്കണമെന്ന മാർഗരേഖയാണു ലംഘിക്കപ്പെട്ടത്.

പുതിയ അസി. സെക്രട്ടറിയായ ഇ.ചന്ദ്രശേഖരന് 73 വയസ്സ്; സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് 72 വയസ്സും. പാർട്ടി കോൺഗ്രസിൽ പ്രായം സംബന്ധിച്ച ഭരണഘടനാ ഭേദഗതികൾ അന്തിമമാക്കിയതിൽ അസി. സെക്രട്ടറിയുടെ പ്രായപരിധിയെപ്പറ്റി പറയുന്നില്ലെന്നാണു ന്യായീകരണം. എന്നാൽ 75 വയസ്സ് എന്ന പൊതുപരിധി പാർട്ടി കോൺഗ്രസ് നടപ്പാക്കിയപ്പോൾ തന്നെ അസി.സെക്രട്ടറിമാരെയും മറ്റും തിരഞ്ഞെടുക്കുന്ന മാർഗരേഖയിലെ ഉപ വ്യവസ്ഥകൾ നിലനിൽക്കുമെന്ന വിശദീകരണമാണ് ഇതുവരെ സിപിഐ വൃത്തങ്ങൾ നൽകിയിരുന്നത്. 2 അസി. സെക്രട്ടറിമാരിൽ ഒരാൾ 60 വയസ്സിൽ താഴെ ആയിരിക്കണമെന്ന നിബന്ധന പി.പി.സുനീറിനെ (53) നിശ്ചയിച്ചതിൽ പാലിക്കുകയും ചെയ്തു.

രണ്ടാം പിണറായി മന്ത്രിസഭയിൽ ഇല്ലാത്ത ഇ.ചന്ദ്രശേഖരനെ നേരത്തെ നിയമസഭാകക്ഷി നേതാവാക്കി കാനം പാർട്ടിയെ അമ്പരപ്പിച്ചിരുന്നു. അതിനു പിന്നാലെയാണു കാസർകോട്ട് നിന്നുള്ള എംഎൽഎയായ ഇദ്ദേഹത്തെ തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനത്തു നിർണായക സംഘടനാ ചുമതല ഏൽപിച്ചത്.

തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടി തന്നെ ഒഴിവാക്കണമെന്ന് ചന്ദ്രശേഖരൻ  അഭ്യർഥിച്ചു. എന്നാൽ, നിയമസഭാ കക്ഷി നേതാവായ ചന്ദ്രശേഖരൻ തലസ്ഥാനത്ത് ഉണ്ടാകുകയാണു വേണ്ടതെന്നു കാനം പറഞ്ഞു.

കൊല്ലത്തെ ജില്ലാ സമ്മേളനത്തി‍ൽ ഇക്കുറി കാര്യങ്ങൾ കാനത്തിന് അനുകൂലമാക്കുന്നതിൽ പങ്കുവഹിച്ച ആർ.രാജേന്ദ്രനെ   അസി.സെക്രട്ടറി ആക്കാനാണു കാനം ഉദ്ദേശിച്ചത്. എന്നാൽ രാജേന്ദ്രനെ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തുന്നതിനോടുതന്നെ ദേശീയ നിർവാഹക സമിതി അംഗം കെ.പ്രകാശ് ബാബു വിയോജിച്ചു. 

കൊല്ലത്തു നിന്ന് ആദ്യം പരിഗണിക്കേണ്ടതു മുൻ എംഎൽഎ ആർ.രാമചന്ദ്രനെ ആയിരിക്കണമെന്നു പ്രകാശ് ബാബു ശഠിച്ചു. സംസ്ഥാന സമ്മേളനത്തിനു മുൻപായി ചവറയിലെ ഗെസ്റ്റ് ഹൗസിൽ ആരെല്ലാം ചേർന്നാണ് ഉപജാപം നടത്തിയതെന്നു താൻ പറയണോ എന്നായിരുന്നു കാനത്തിന്റെ മറുപടി.  പ്രകാശ് ബാബു എതിർത്തതോടെ പിന്നെ അസി.സെക്രട്ടറി സ്ഥാനത്തേക്ക് രാജേന്ദ്രന്റെ പേര് കാനം നിർദേശിച്ചില്ല. തുടർന്നാണ് ചന്ദ്രശേഖരനെ നിയോഗിച്ചത്. 

കെ.ഇ.ഇസ്മായിൽ നേതൃനിരയിൽ നിന്നു മാറുമ്പോൾ ന്യൂനപക്ഷ വിഭാഗത്തി‍ൽ നിന്നുള്ള നേതാവ് കൂടിയായ പി.പി. സുനീറിന്റെ ആരോഹണം പ്രതീക്ഷിച്ചതാണ്. 

English Summary: CPI state council ignores national guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com