തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: ഭരണമാറ്റം ഒരു പഞ്ചായത്തിൽ; നാലിടത്ത് ബലാബലം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 29 തദ്ദേശ സ്ഥാപന വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ഭരണം മാറിയത് എറണാകുളം ജില്ലയിലെ കീരംപാറ പഞ്ചായത്തിൽ മാത്രമാണെങ്കിലും മറ്റു 3 ഗ്രാമപ്പഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ബലാബലത്തിലായി.
എൽഡിഎഫ് ഭരിക്കുന്ന ആലപ്പുഴ പാണ്ടനാട്, കാർത്തികപ്പിള്ളി പഞ്ചായത്തുകളിൽ എൽഡിഎഫും ബിജെപിയും തുല്യനിലയിലാണ്. എൽഡിഎഫ് ഭരിക്കുന്ന ആലപ്പുഴ മുതുകുളത്ത് എൽഡിഎഫും യുഡിഎഫുമാണ് സീറ്റ് എണ്ണത്തിൽ തുല്യരായത്. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം വടവുകോട് ബ്ലോക്കിൽ യുഡിഎഫ് അവർക്കൊപ്പമെത്തി.
തിരുവനന്തപുരം
∙പഴയ കുന്നുമ്മേൽ പഞ്ചായത്ത് മഞ്ഞപ്പാറ: സിപിഎം സീറ്റ് കോൺഗ്രസ് (എം.ജെ.ഷൈജ) പിടിച്ചെടുത്തു.
∙കരുംകുളം ഗ്രാമപ്പഞ്ചായത്തിലെ ചെക്കിട്ടവിളാകം: കോൺഗ്രസ് (ഇ.എൽബറി) നിലനിർത്തി.
പത്തനംതിട്ട
∙പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ്: കേരള കോൺഗ്രസ് എം (മായ അനിൽകുമാർ) നിലനിർത്തി. എന്നാൽ ഭൂരിപക്ഷം 4470 ൽ നിന്ന് 1785 ആയി.
∙പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷൻ സിപിഎം (അനീഷ്) നിലനിർത്തി.
കൊല്ലം
∙പേരയം ഗ്രാമപ്പഞ്ചായത്തിലെ പേരയം ബി: കോൺഗ്രസ് (ലത ബിജു) നിലനിർത്തി.
∙പൂതക്കുളം ഗ്രാമപ്പഞ്ചായത്തിലെ കോട്ടുവൻകോണം: ബിജെപി (എസ്.ഗീത) നിലനിർത്തി.
ആലപ്പുഴ
∙എഴുപുന്ന ഗ്രാമപ്പഞ്ചായത്തിലെ വാത്തറ: സിപിഎം (കെ.പി.സ്മിനീഷ്) നിലനിർത്തി.
∙പാണ്ടനാട് ഗ്രാമപ്പഞ്ചായത്തിലെ വൻമഴി വെസ്റ്റ്: പഞ്ചായത്ത് ഭരിച്ച ബിജെപിയുടെ പ്രസിഡന്റ് രാജിവച്ച് എൽഡിഎഫിൽ ചേർന്നു മത്സരിച്ചു, തോറ്റു. കോൺഗ്രസിലെ ജോസ് വല്യാനൂർ 40 വോട്ടിനു ജയിച്ചു.
∙കാർത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ കാർത്തികപ്പള്ളി: സിപിഎം സിറ്റിങ് സീറ്റിൽ ബിജെപിയിലെ ഉല്ലാസ് 77 വോട്ടിനു ജയിച്ചു; സിപിഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്ത്. ഇപ്പോൾ എൽഡിഎഫിനും ബിജെപിക്കും 5 അംഗങ്ങളായി.
∙മുതുകുളം ഗ്രാമപ്പഞ്ചായത്തിലെ ഹൈസ്‌കൂൾ വാർഡ്: രാജിവച്ച ബിജെപി അംഗം ജി.എസ്.ബൈജു യുഡിഎഫ് സ്വതന്ത്രനായി ജയിച്ചു. സിറ്റിങ് സീറ്റിൽ ബിജെപി മൂന്നാം സ്ഥാനത്ത്. സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഇപ്പോൾ യുഡിഎഫിനും എൽഡിഎഫിനും 6 അംഗങ്ങളുടെ പിന്തുണ.
∙പാലമേൽ ഗ്രാമപ്പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക്: സിപിഐയുടെ സീറ്റ് കോൺഗ്രസ് (ഷീജ ഷാജി) പിടിച്ചെടുത്തു.
ഇടുക്കി
∙ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം ഡിവിഷൻ: എൽഡിഎഫ് സ്വതന്ത്രന്റെ സീറ്റ് കോൺഗ്രസ് (ആൽബർട്ട് ജോസ്) പിടിച്ചെടുത്തു.
∙കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തിലെ പൊന്നെടുത്താൻ: കോൺഗ്രസ് സീറ്റ് കേരള കോൺഗ്രസ് എം (ദിനമണി) പിടിച്ചെടുത്തു.
∙കരുണാപുരം ഗ്രാമപ്പഞ്ചായത്തിലെ കുഴിക്കണ്ടം: സിപിഎം (പി.ഡി.പ്രദീപ്) നിലനിർത്തി.
∙ശാന്തൻപാറ ഗ്രാമപ്പഞ്ചായത്തിലെ തൊട്ടിക്കാനം: സിപിഎം (ഇ.കെ.ഷാബു) നിലനിർത്തി.
തൃശൂർ
∙വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ സെന്റർ: സിപിഎമ്മിൽ നിന്നു കോൺഗ്രസ് (കെ.എം.ഉദയബാലൻ) പിടിച്ചെടുത്തു.
∙പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം: സിപിഎം (എം.ഇ.ഗോവിന്ദൻ) നിലനിർത്തി.
എറണാകുളം
∙വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ വാണിയക്കാട്: സിപിഎം (നിമിഷ ജിനേഷ്) ബിജെപിയിൽനിന്നു പിടിച്ചെടുത്തു.
∙വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം: കോൺഗ്രസ് (ശ്രീജ അശോകൻ) നിലനിർത്തി. ഭരണകക്ഷിയായ ട്വന്റി 20ക്കും കോൺഗ്രസിനും 5 അംഗങ്ങൾ വീതമായി.
∙പൂത്തൃക്ക ഗ്രാമപ്പഞ്ചായത്തിലെ കുറിഞ്ഞി: കോൺഗ്രസ് (മോൻസി പോൾ) നിലനിർത്തി.
∙കീരംപാറ ഗ്രാമപ്പഞ്ചായത്തിലെ മുട്ടത്തുകണ്ടം: കോൺഗ്രസ് (സാന്റി ജോസ്) പിടിച്ചെടുത്തു. എൽഡിഎഫിനു പഞ്ചായത്തു ഭരണം നഷ്ടമാകും.
പാലക്കാട്
∙കുത്തന്നൂർ ഗ്രാമപ്പഞ്ചായത്തിലെ പാലത്തറ: കോൺഗ്രസ് (ആർ.ശശിധരൻ) നിലനിർത്തി.
∙പുതൂർ ഗ്രാമപ്പഞ്ചായത്തിലെ കുളപ്പടിക: സിപിഐ (വഞ്ചി കക്കി) നിലനിർത്തി.
മലപ്പുറം
∙മലപ്പുറം നഗരസഭയിലെ കൈനോട്: സിപിഎം (സി.ഷിജു) നിലനിർത്തി.
കോഴിക്കോട്
∙ മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ ഡിവിഷൻ: സിപിഎം (എം.എം.രവീന്ദ്രൻ) നിലനിർത്തി
∙തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി: മുസ്‍ലിം ലീഗ് (സി.എ.നൗഷാദ്) നിലനിർത്തി.
∙മണിയൂർ ഗ്രാമപ്പഞ്ചായത്തിലെ മണിയൂർ നോർത്ത്: സിപിഎം (എ. ശശിധരൻ) നിലനിർത്തി
∙കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിലെ എളേറ്റിൽ: കോൺഗ്രസിന് (റസീന പൂക്കോട്) അട്ടിമറി വിജയം.
വയനാട്
∙കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ചിത്രമൂല: സിപിഎം സീറ്റ് മുസ്‍ലിം ലീഗ് (റഷീദ് കമ്മിച്ചാൽ) പിടിച്ചെടുത്തു.
English Summary: Kerala LSG by election