മഞ്ഞക്കൊന്നയ്ക്ക് മരണമണി
Mail This Article
തിരുവനന്തപുരം ∙ സാമൂഹിക വനവൽക്കരണത്തിനും സൗന്ദര്യവൽക്കരണത്തിനും നാട്ടിലും കാട്ടിലും നട്ടുവളർത്തിയ മഞ്ഞക്കൊന്ന (സെന്ന) സംസ്ഥാനത്തിനു ‘പണി’യായി. ഇതു വളരുന്ന സ്ഥലത്തു പുല്ലു പോലും കിളിർക്കുന്നില്ലെന്നു കണ്ടെത്തിയതോടെ മൊത്തം നശിപ്പിക്കാനാണു വനംവകുപ്പിന്റെ പദ്ധതി. 1980 കളിലാണു വനംവകുപ്പിന്റെ സാമൂഹികവനവൽക്കരണ വിഭാഗം മഞ്ഞക്കൊന്ന വ്യാപകമായി നട്ടുപിടിപ്പിച്ചത്.
കേരളത്തിൽ 100 ഹെക്ടറോളം വനം മഞ്ഞക്കൊന്ന മൂലം തരിശു പോലെയായി എന്നാണു വനംവകുപ്പിന്റെ റിപ്പോർട്ട്. വയനാട് വന്യജീവിസങ്കേതത്തിന്റെ 42% മഞ്ഞക്കൊന്ന നശിപ്പിച്ചെന്നാണ് റിപ്പോർട്ട്.
കായ് വീണു കിളിർത്ത് അതിവേഗമാണു പടരുന്നത്. മുറിച്ചുകളഞ്ഞതുകൊണ്ടോ പിഴുതു മാറ്റിയതു കൊണ്ടോ ഫലപ്രദമാകില്ല. മരത്തിന്റെ പകുതി മുതൽ താഴേക്കു തൊലി കളഞ്ഞ് വെള്ളം വലിച്ചെടുക്കാത്ത നിലയിലാക്കി ഉണക്കിക്കളയാനാണ് പദ്ധതി.
വനങ്ങളുടെ നടുവിൽ ഇതു പടർന്നതോടെ, പുല്ല് തിന്നുന്ന മൃഗങ്ങൾക്കു ഭക്ഷണമില്ലാതായി. മാനും വരയാടുമൊക്കെ കുറയുന്നതാണു കടുവയും പുലിയും ഇരതേടി കാടിനു പുറത്തേക്കിറങ്ങുന്നതിന് ഒരു കാരണമെന്നാണു നിഗമനം.
കണിക്കൊന്നയാണെന്ന് കരുതി; കെണിയായി
വനംവകുപ്പിനു പറ്റിയൊരു അമളിയാണു മഞ്ഞക്കൊന്ന വനംകൊല്ലിയായി മാറാൻ കാരണം. വനസൗന്ദര്യം കൂട്ടാൻ കണിക്കൊന്ന വളർത്താനായിരുന്നു തീരുമാനം. കണിക്കൊന്നയാണെന്നു കരുതി മഞ്ഞക്കൊന്നയുടെ വിത്തുകൾ വാങ്ങി നടുകയായിരുന്നു.
കണിക്കൊന്നയുടെ വർഗത്തിൽപ്പെടുന്നതാണു തെക്കേ അമേരിക്കൻ സ്വദേശിയായ മഞ്ഞക്കൊന്ന. ചെടിയിലെ ‘അല്ലലോ’ എന്ന രാസപദാർഥമാണു മറ്റു ചെടികളെ നശിപ്പിച്ച് സ്വയം വ്യാപിപ്പിക്കുന്നത്.
Content Highlight: Senna flower