നിരീക്ഷണ ക്യാമറ: തെലങ്കാന മോഡൽ നടപ്പാക്കാൻ കേരള പൊലീസ്
Mail This Article
തിരുവനന്തപുരം∙ കേരളത്തിൽ ഇപ്പോഴുള്ള സിസിടിവി ക്യാമറകൾ കൊണ്ട് പൊതുജനത്തിന്റെ സുരക്ഷ സാധ്യമാകില്ല എന്നതിനാൽ തെലങ്കാന മോഡൽ ക്യാമറാ നിരീക്ഷണത്തിന് പൊലീസിൽ ആലോചന. തെലങ്കാന സർക്കാർ പബ്ലിക് സേഫ്റ്റി എൻഫോഴ്സ്മെന്റ് ആക്ട് പ്രകാരം സുരക്ഷിത നഗരവും നാടും എന്ന പദ്ധതി പ്രഖ്യാപിച്ച് സ്വകാര്യ പങ്കാളിത്തത്തോടെ 6 ലക്ഷം ക്യാമറകൾ സ്ഥാപിച്ചു. 15 ലക്ഷം ക്യാമറകളാണ് ലക്ഷ്യമിടുന്നത്.
കെട്ടിടനിർമാണ ലൈസൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതു കൂടി ഉൾപ്പെടുത്തുക, സ്ഥാപനത്തിന്റെ അകത്തും പുറത്തും ക്യാമറ നിർബന്ധമാക്കുക തുടങ്ങിയ കർശന വ്യവസ്ഥകളാണ് തെലങ്കാനയിൽ നടപ്പാക്കിയത്. സർക്കാർ – സ്വകാര്യ പദ്ധതിയിലൂടെ ക്യാമറാ നിരീക്ഷണം ശക്തമാക്കുന്നതിന് പൊതു സുരക്ഷാ സൊസൈറ്റികളും രൂപീകരിച്ചു. ഇൗ സൊസൈറ്റികൾക്കാണ് ക്യാമറകളുടെ പരിപാലനം. കമ്പനികളുടെ സിഎസ്ആർ ഫണ്ടും ഇതിനായി നീക്കിവയ്ക്കുന്നു. മേൽനോട്ടം പൊലീസ് വഹിക്കും. എല്ലായിടവും ക്യാമറയുടെ നിരീക്ഷണത്തിലായതോടെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനായെന്നാണ് തെലങ്കാന പൊലീസിന്റെ റിപ്പോർട്ട്. പൊതുസ്ഥലങ്ങളിൽ ശക്തിയേറിയ ക്യാമറകളാണ് സ്ഥാപിച്ചത്.
ഇൗ പദ്ധതി കേരളത്തിലും നടപ്പാക്കുന്നതിന് ആഭ്യന്തര വകുപ്പിൽ ശുപാർശ നൽകാൻ പൊലീസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച പൊലീസിന്റെയും ഗതാഗത വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 21ന് ആഭ്യന്തരവകുപ്പ് വിളിച്ചിട്ടുണ്ട്. കേരളത്തിൽ സ്വകാര്യസ്ഥാപനങ്ങൾ പൊതു സ്ഥലത്തേക്കു വച്ച ക്യാമറ അരലക്ഷത്തിൽ താഴെ മാത്രമാണ്. റോഡും പൊതുസ്ഥലവും കൂടി കാണുന്ന രീതിയിൽ സ്വകാര്യ സ്ഥാപനങ്ങൾ ക്യാമറകൾ സ്ഥാപിക്കണമെന്നതാണ് പ്രധാന നിർദേശം.
English Summary: CCTV Camera: Kerala police to implement Telangana model