20–ാം പിറന്നാൾ പിന്നിട്ട് സേവനത്തിന്റെ അക്ഷയമുദ്ര
Mail This Article
തിരുവനന്തപുരം ∙ കേരള ജനതയെ സർക്കാർ സേവനങ്ങളുടെ ‘ഇ’ ലോകത്തേക്ക് ലോഗിൻ ചെയ്ത ‘അക്ഷയ സെന്റർ’ ഇന്നലെ പിന്നിട്ടത് 20–ാം പിറന്നാൾ. എ.കെ.ആന്റണി സർക്കാരിന്റെ കാലത്ത്, 2002 നവംബർ 18നു മലപ്പുറത്തായിരുന്നു അക്ഷയയുടെ ജനനം. ഇ– സാക്ഷരതയ്ക്കായി ആരംഭിച്ച പദ്ധതി രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തു; തുടക്കം 7 ജില്ലകളിൽ. അന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച മുന്നേറ്റത്തിന് ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടിവന്നു. സർക്കാർ മേഖലയിൽ ഇത്തരമൊരു സേവന ശൃംഖലയുടെ സാധ്യതയെ ഒട്ടേറെപ്പേർ ചോദ്യം ചെയ്തു. അവർക്കുകൂടി സേവനം ഉറപ്പാക്കി അക്ഷയ നാടാകെ നെറ്റ‌്‌വർക്ക് വിരിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴുള്ളത് 2700 കേന്ദ്രങ്ങൾ. വൈകാതെ 500 കേന്ദ്രങ്ങൾ കൂടി ആരംഭിക്കും.
സ്ത്രീകളാണു ഭൂരിഭാഗം അക്ഷയ സെന്ററുകളുടെയും സാരഥികൾ. പ്രവർത്തനമികവിനു മിക്ക കേന്ദ്രങ്ങൾക്കും ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പു ചുമതലക്കാരായ സംസ്ഥാന ഐടി മിഷന്റെ ഡയറക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.
2009ലാണ് അക്ഷയ കേന്ദ്രങ്ങളുടെ ജാതകം തെളിഞ്ഞത്. അരക്കോടി ദരിദ്ര കുടുംബങ്ങൾക്കുവേണ്ടി ആരംഭിച്ച ആരോഗ്യ ഇൻഷുറസ് പദ്ധതിയുടെ (ചിയാക്) എൻറോൾമെന്റ് ചുമതല അക്ഷയയെ ഏൽപിച്ചു. മൂന്നുമാസം കൊണ്ടു ജോലി പൂർത്തിയാക്കി. ഇതോടെ കേരളത്തിന്റെ ‘ഇ’മുന്നേറ്റത്തിന്റെ നായകസ്ഥാനം അക്ഷയ ഉറപ്പിച്ചു. 2011ൽ റവന്യു ഇ ഡിസ്ട്രിക്ട് പദ്ധതിക്കു കീഴിലെ 23 സേവനങ്ങൾ അക്ഷയയ്ക്കു നൽകി. അതോടെ അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പു ലാഭകരമായ പ്രവർത്തനമായി വളർന്നു. ഇതിനകം അക്ഷയകേന്ദ്രങ്ങൾ 8 കോടി സർട്ടിഫിക്കറ്റുകളാണു വിതരണം ചെയ്തത്. 2012ൽ ആധാർ, വാഹന ഇൻഷുറൻസ് സേവനങ്ങൾ കൂടി അക്ഷയയ്ക്കു ലഭിച്ചു. റേഷൻ കാർഡിന്റെ അപേക്ഷ മാത്രം സ്വീകരിച്ചിരുന്ന അക്ഷയ ഇപ്പോൾ പിവിസി കാർഡുകൾ പ്രിന്റ് ചെയ്തു നൽകുന്നുണ്ട്. ബാങ്ക് അക്കൗണ്ട് എടുക്കണമെങ്കിലും അക്ഷയയെ ആശ്രയിക്കാം.
സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ അനർഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനുള്ള മസ്റ്ററിങ് ജോലികൾ അക്ഷയയെ ഏൽപിച്ചു. കിടപ്പു രോഗികളുടെ വീട്ടിൽ ചെന്നാണു മസ്റ്ററിങ് നടത്തിയത്. അനർഹരെ ഒഴിവാക്കിയതിലൂടെ വർഷം 746 കോടി രൂപയാണു സർക്കാരിന്റെ ലാഭം.
Content Highlight: Akshaya centre 20th anniversary