ADVERTISEMENT

കൊച്ചി ∙ പിൻവാതിൽ നിയമനങ്ങൾ നിരന്തരം നടക്കുന്ന കേരഫെഡിൽ ഡപ്യൂട്ടേഷനിലെത്തിയ സിപിഎം ബന്ധമുള്ളവരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്താനും നീക്കം. സ്വകാര്യവൽക്കരണത്തിന് ഒരുങ്ങുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം എച്ച്എൽഎൽ ബയോടെക് ലിമിറ്റഡിൽ നിന്നെത്തി കേരഫെഡിന്റെ കേന്ദ്ര ഓഫിസിൽ ജോലി ചെയ്യുന്ന വനിതയെയും കരുനാഗപ്പള്ളി ഓയിൽ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെയും കേരഫെഡിൽ സ്ഥിരപ്പെടുത്താൻ അനുമതി തേടി മാനേജിങ് ഡയറക്ടർ സർക്കാരിനു കത്തയച്ചു. 

ഡപ്യൂട്ടേഷനിൽ വന്നവരെ മറ്റൊരു സ്ഥാപനത്തിൽ സ്ഥിരപ്പെടുത്തുന്നതും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎല്ലിൽ നിന്നുള്ളയാളെ സംസ്ഥാന സർക്കാരിനു കീഴിലെ കേരഫെഡിൽ സ്ഥിരപ്പെടുത്തുന്നതും ചട്ടലംഘനമാണ്. സെപ്റ്റംബർ 29ന് നിലവിൽ വന്ന കേരഫെഡിലെ നിയമനച്ചട്ടവും (സ്പെഷൽ റൂൾസ്) അട്ടിമറിച്ചാണു കേരഫെഡിന്റെ നടപടി.

2020 ജൂലൈയിൽ കേരഫെഡിൽ ഫിനാൻസ് മാനേജർ തസ്തികയിലേക്കു ഡപ്യൂട്ടേഷനിലെത്തിയ വനിതയ്ക്കു വേണ്ടിയാണു പാർട്ടിതല ചരടുവലികൾ. ഇവരുടെ അടുത്ത ബന്ധുവിനു സംസ്ഥാന മന്ത്രിമാരിൽ ഒരാളുമായുള്ള അടുപ്പമാണു കേരഫെഡ് ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ശുപാർശയ്ക്കു പിന്നിലെന്നു ജീവനക്കാർ ആരോപിക്കുന്നു. 

വനിതയ്ക്കു വേണ്ടിയുള്ള അനധികൃത നീക്കം ചർച്ചയാകാതിരിക്കാനാണ് കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്സിൽ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുന്നയാളുടെ പേരു കൂടി നവംബർ 8ന് സർക്കാരിനയച്ച കത്തിൽ ഉൾപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്.

കേരഫെഡിലെ നിയമനച്ചട്ടപ്രകാരം അംഗീകൃത സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെട്ട തസ്തികയാണിത്. കേരഫെഡിൽ നിന്നു സ്ഥാനക്കയറ്റം മുഖേനയുള്ള നിയമനത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്.

 

English Summary: Allegations against appointment in KERAFED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com