ADVERTISEMENT

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി കെ.കരുണാകരനു ശാശ്വത സ്മാരകം തലസ്ഥാനത്ത് കോൺഗ്രസ് ഉയർത്തുന്നു. നന്ദാവനത്ത് സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള സ്മാരകമാണ് പാർട്ടി വിഭാവനം ചെയ്യുന്നത്. പ്രധാന റോഡിനോട് ചേർന്ന് ബിഷപ് പെരേര ഹാളിന് എതിർവശത്തായാണ് സ്മാരകം.

കെപിസിസിയുടെ കീഴിൽ 12 വർഷം മുൻപ് രൂപീകരിച്ച കെ.കരുണാകരൻ ഫൗണ്ടേഷനാണ് സ്മാരക നിർമാണത്തിന് നേതൃത്വം നൽകുന്നത്. 35 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. കോൺഗ്രസിന്റെ ഓരോ ബൂത്ത് കമ്മിറ്റിയിൽനിന്നും 10,000 രൂപ സമാഹരിക്കും. കരുണാകരന്റെ ചരമവാർഷികദിനമായ ഡിസംബർ 23ന് മണ്ഡലം പ്രസിഡന്റുമാരെ ഇതിനുള്ള കൂപ്പണുകൾ ഏൽപിക്കും.

പഠനഗവേഷണ കേന്ദ്രം, ചിത്രകാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഓർമയ്ക്കായി ചിത്രരചനാ ഇൻസ്റ്റിറ്റ്യൂട്ട്, നേതൃത്വപരിശീലന കേന്ദ്രം, ലൈബ്രറി, സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി കാരുണ്യ ഹെൽപ് ഡെസ്ക്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും.

കെ.കരുണാകരനു സ്മാരകം തീർക്കാൻ കോൺഗ്രസ് നേരത്തേ തീരുമാനിച്ചതാണെങ്കിലും നീണ്ടുപോയി. ഒടുവിൽ കോഴിക്കോട്ട് നടന്ന ചിന്തൻ ശിബിരത്തിൽ നടപടികൾ വേഗത്തിലാക്കാൻ ധാരണയായി.

കെ.സുധാകരൻ (ചെയ), കെ.മുരളീധരൻ (വൈ. ചെയ), പത്മജ വേണുഗോപാൽ (ട്രഷ), ഇബ്രാഹിംകുട്ടി കല്ലാർ (ജന. സെക്ര) എന്നിവരാണ് ഫൗണ്ടേഷനു നേതൃത്വം നൽകുന്നത്. മുതിർന്ന നേതാക്കൾ ഫൗണ്ടേഷന്റെ രക്ഷാധികാരികളാണ്.

 

 

English Summary: Memorial for K Karunakaran in Trivandrum 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com