പിപിഇ കിറ്റ്: അഴിമതി ലോകായുക്തയ്ക്ക് അന്വേഷിക്കാം: ഹൈക്കോടതി
Mail This Article
കൊച്ചി ∙ കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള പരാതിയിൽ ലോകായുക്ത നോട്ടിസ് അയച്ചതിനെതിരെ ഉന്നത ഉദ്യോഗസ്ഥർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. അഴിമതി, സാമ്പത്തിക ദുരുപയോഗം തുടങ്ങിയവ സംബന്ധിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ ലോകായുക്ത നിയമപ്രകാരം അന്വേഷിക്കേണ്ടതാണെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ദുരന്തനിവാരണ നിയമ പ്രകാരമുളള വ്യവസ്ഥകളാണു ബാധകമെന്നും ലോകായുക്തയുടെ അധികാര പരിധിയിൽ വരില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) മുൻ മാനേജിങ് ഡയറക്ടർമാരായ ഡി.ബാലമുരളി, നവജോത് ഖോസ, മുൻ ജനറൽ മാനേജർ എസ്.ആർ.ദിലീപ് കുമാർ എന്നിവർ ഹർജി നൽകിയത്. എന്നാൽ, വാദങ്ങൾ തള്ളിയ ഹൈക്കോടതി ഹർജിക്കാർക്കു വിശദീകരണം നൽകാനുള്ള സമയം രണ്ടാഴ്ച നീട്ടി നൽകി.
അധികാരത്തിന്റെ മറവിൽ അഴിമതി നടത്തിയെന്നാണ് ആരോപണമെന്നും ദുരന്തനിവാരണ നിയമപ്രകാരമുള്ള അടിയന്തര അധികാരങ്ങൾ സംബന്ധിച്ചല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിപിഇ കിറ്റുകൾ വാങ്ങിയത് ഉയർന്ന നിരക്കിലാണെന്നും വൻതോതിലുള്ള അഴിമതി നടന്നെന്നും ആരോപിച്ച് സാമൂഹിക പ്രവർത്തക വീണ എസ്.നായർ നൽകിയ പരാതിയിൽ ഒരു മാസത്തിനകം വിശദീകരണം നൽകാൻ ഒക്ടോബർ 14ന് ലോകായുക്ത നിർദേശിച്ചിരുന്നു.
English Summary: HC rejected govt plea in PPE kit purchase during Covid