കുസാറ്റ് പ്രഫസർ നിയമന ഇന്റർവ്യു പിവിസിയുടെ ഭാര്യയ്ക്ക് 20ൽ 19 മാർക്ക്
Mail This Article
തിരുവനന്തപുരം/കോട്ടയം ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) പ്രഫസർ നിയമനത്തിനു നടത്തിയ ഇന്റർവ്യൂവിൽ എംജി സർവകലാശാലാ പ്രോ വൈസ് ചാൻസലറുടെ ഭാര്യയ്ക്കു നൽകിയത് 20ൽ 19 മാർക്ക്. പിഎസ്‌സി അഭിമുഖങ്ങൾക്ക് പരമാവധി 14 മാർക്കേ (70%) നൽകാറുള്ളൂ. ഈ വ്യവസ്ഥയാണ് സർവകലാശാലകളും പിന്തുടരാറുള്ളത് എന്നിരിക്കെയാണ് 95% മാർക്ക് നൽകിയത്. ഇതേസമയം, ഏറ്റവുമധികം അക്കാദമിക് യോഗ്യതയുള്ളയാൾക്ക് ഇന്റർവ്യൂവിനു നൽകിയത് വെറും 5 മാർക്കാണ്. കണ്ണൂർ സർവകലാശാലയിൽ ഉയർന്ന റിസർച് സ്കോർ ലഭിച്ചയാളെ പിന്തള്ളി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നൽകാൻ സ്വീകരിച്ച അതേ നടപടിയാണ് ഇവിടെയും കൈക്കൊണ്ടതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു.
എംജി സർവകലാശാലാ പിവിസി ഡോ.സി.ടി.അരവിന്ദകുമാർ നൽകിയ അധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഡോ. കെ.ഉഷയ്ക്കു കുസാറ്റിൽ എൻവയൺമെന്റൽ സ്റ്റഡീസ് പ്രഫസർ തസ്തികയിൽ നിയമനം നൽകിയെന്ന ആരോപണത്തിനു പിന്നാലെയാണ് ഒന്നാം റാങ്ക് ലഭിക്കാൻ ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയെന്ന രേഖകൾ പുറത്തുവന്നത്. ഭർത്താവുമായി ചേർന്നു പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളുടെയും മുഴുവൻ മാർക്കും ഉഷയ്ക്ക് നൽകിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ അക്കാദമിക് യോഗ്യതയുള്ള ഡോ.സോണി.സി.ജോർജിന് 5 മാർക്കാണ് ഇന്റർവ്യൂ ബോർഡ് നൽകിയത്. കുസാറ്റിലെ പരിസ്ഥിതി പഠന വകുപ്പിൽ 21 വർഷത്തെ അധ്യാപന പരിചയമുള്ള അസോഷ്യേറ്റ് പ്രഫസർ ഡോ.വി.ശിവാനന്ദൻ ആചാരിയും പിന്തള്ളപ്പെട്ടവരിൽപ്പെടുന്നു. കുസാറ്റിലെ തസ്തികയിൽ 2015 ലാണ് വിജ്ഞാപനം വന്നത്. അന്നത്തെ യുഡിഎഫ് സർക്കാർ മാറി ഇടതു സർക്കാരിന്റെ കാലത്ത് ഡോ.കെ.എൻ.മധുസൂദനനെ വിസിയായി നിയമിച്ചപ്പോൾ അദ്ദേഹം നടത്തിയ ആദ്യ നിയമനം ഇതാണെന്ന് ക്യാംപെയ്ൻ ഭാരവാഹികൾ ആരോപിച്ചു.
നിഷേധിച്ച് കുസാറ്റ്
കൊച്ചി ∙ ഡോ.കെ.ഉഷയുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതവും വ്യാജവുമാണെന്നു കുസാറ്റ്. 2010 ലെ യുജിസി ചട്ടങ്ങൾ കർശനമായി പാലിച്ചാണു നിയമനമെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരാണു സിലക്‌ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നതെന്നും കുസാറ്റ് അറിയിച്ചു.
‘എംജി സർവകലാശാല പ്രോ വൈസ് ചാൻസലർ, ഭാര്യയ്ക്കു കുസാറ്റിൽ പ്രഫസറായി നിയമനം ലഭിക്കുന്നതിന് അധ്യാപന പരിചയ സർട്ടിഫിക്കറ്റ് നൽകിയതിൽ തെറ്റില്ല. ഭാര്യയെ പ്രഫസറായി നിയമിക്കുമ്പോൾ ഭർത്താവ് പിവിസി അല്ല. ഗവേഷണ പരിചയം കണക്കിലെടുത്താണ് സർട്ടിഫിക്കറ്റ് നൽകിയത്.’
മന്ത്രി ആർ.ബിന്ദു.
English Summary: Illegal professor appointment in CUSAT