ADVERTISEMENT

പത്തനംതിട്ട ∙ ഒരുകുപ്പി വെള്ളം, ജാതിക്ക, പുളി എന്നിവയായിരുന്നു പാലക്കാട് മുതൽ തിരുവല്ല വരെ നടക്കുമ്പോൾ അനിലിന്റെ കയ്യിലുണ്ടായിരുന്നത്. ഉറക്കം ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും. കുഞ്ഞുചെറുക്കന്റെയും പൊടിപ്പെണ്ണിന്റെയും മകൻ പത്തനംതിട്ട മാത്തൂർ മയിൽനിൽക്കുന്നതിൽ അനിൽ (42) കാണാതായി 7 ദിവസം കഴിഞ്ഞാണ് വീടണഞ്ഞത്. തമിഴ്നാട്ടിലെ കാട്പാടിയിൽ വച്ചു കാണാതായ അനിൽ പാലക്കാട് വരെ ബസിലും അവിടെനിന്ന് ആറന്മുള വരെ നടന്നുമാണു തിരികെ നാട്ടിലെത്തിയത്. 

സഹോദരി ഉഷയുടെ മകളെ ആന്ധ്രയിൽ നഴ്സിങ്ങിനു ചേർക്കാൻ പോയതായിരുന്നു ഉഷയും അനിലും ഭാര്യ രാജിയും മകൾ അഞ്ജുവും. ജീവിതത്തിലാദ്യമായിട്ടായിരുന്നു അനിൽ ട്രെയിനിൽ കയറിയത്. 3നു വൈകിട്ട് ചെങ്ങന്നൂരേക്കു ട്രെയിനിൽ യാത്ര തിരിച്ചു. ജനറൽ കോച്ചിലെ തിരക്കു കാരണം അനിൽ ഒരിടത്തും മറ്റുള്ളവർ വേറെയും കോച്ചുകളിലായിരുന്നു. കാട്പാടി സ്റ്റേഷനിൽ ട്രെയിൻ നിന്നപ്പോൾ പുറത്തിറങ്ങി. പക്ഷേ, തിരികെ കയറാൻ കഴിഞ്ഞില്ല. 

പിറ്റേന്ന് എറണാകുളത്തെത്തിയപ്പോഴാണു അനിലിനെ കാണാനില്ലെന്ന് അറിയുന്നത്. അനിലിനു ഫോണുമില്ല. കാട്പാടി പൊലീസ് സ്റ്റേഷനിലെത്തി വീട് കേരളത്തിലെ പത്തനംതിട്ട ജില്ലയിലാണെന്ന് അനിൽ പറഞ്ഞു. മാനസികമായി ആകെ തകർന്ന നിലയിലായിരുന്നു. 2 പൊലീസുകാർ ചേർന്ന് 200 രൂപ കൊടുത്ത ശേഷം പാലക്കാട്ടേക്കുള്ള ബസിൽ കയറ്റിവിട്ടു. 

പാലക്കാട്ടുനിന്ന് ദേശീയപാതയിലൂടെ നാട്ടിലേക്കു നടന്നു. നാലഞ്ച് ദിവസം നടന്നുവെന്ന് അനിൽ ഓർക്കുന്നു. ആറന്മുളയിൽ വച്ചു അനിലിനെ തിരിച്ചറിഞ്ഞ പരിചയക്കാരൻ ജിജോ, ഇലവുംതിട്ട സ്റ്റേഷനിൽ വിളിച്ചു പറയുകയായിരുന്നു. 

English Summary: Anil who missed from train walked from Palakkad to reach Aranmula

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com