എ.പി.അനിൽകുമാറിനെതിരായ പീഡന പരാതിയിൽ കഴമ്പില്ലെന്ന് സിബിഐ
Mail This Article
തിരുവനന്തപുരം ∙ മുൻ മന്ത്രിയും എംഎൽഎയുമായ എ.പി.അനിൽകുമാറിനെതിരെ സോളർ തട്ടിപ്പുകേസിൽ പ്രതിയായ യുവതി നൽകിയ പീഡനപരാതിയിൽ കഴമ്പില്ലെന്ന് സിബിഐ. ഇതു സംബന്ധിച്ച് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഇന്നലെ റിപ്പോർട്ട് ഫയൽ ചെയ്തു. യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തിരുന്ന 6 പേരിൽ 3 പേർക്കെതിരായ അന്വേഷണം ഇതോടെ സിബിഐ അവസാനിപ്പിച്ചു.
കൊച്ചിയിലെ ഹോട്ടലിൽ പീഡിപ്പിച്ചെന്നാണ് പരാതി നൽകിയത്. എന്നാൽ പീഡനം നടന്നെന്നു പരാതിയിൽ ആരോപിച്ചിരിക്കുന്ന ഹോട്ടലിൽ അനിൽ കുമാർ താമസിച്ചിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. പരാതിക്കാരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങൾ തെളിയിക്കാനുള്ള രേഖകളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നതായാണു വിവരം. അനിൽകുമാറിനു പുറമേ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയത്.
English Summary: CBI Gives Clean Chit to Congress MLA AP Anilkumar