ശബരിമല അവലോകനം: പരസ്പരം കുറ്റപ്പെടുത്തി വകുപ്പുകൾ; പാളിയപ്പോൾ പഴിചാരൽ
Mail This Article
ശബരിമല ∙ കോവിഡ് ഇടവേളയ്ക്കുശേഷം ശബരിമല തീർഥാടനം പൂർണതോതിൽ സജീവമാകുമ്പോൾ ഒരുക്കത്തിലെ പാളിച്ചകൾക്കും ആസൂത്രണത്തിലെ വീഴ്ചകൾക്കും സർക്കാർ വകുപ്പുകൾ പരസ്പരം പഴിചാരുന്നു. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി പമ്പയിൽ വിളിച്ച അവലോകന യോഗത്തിൽ പൊലീസും ദേവസ്വം വകുപ്പും പരസ്പരം കുറ്റപ്പെടുത്തി. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലെ കാലതാമസത്തെ കലക്ടറും വിമർശിച്ചു. പതിനെട്ടാംപടിയിൽ പൊലീസിനു കാര്യക്ഷമത പോരെന്ന വിമർശനം ഉയർന്നപ്പോൾ, എങ്കിൽ അത് ദേവസ്വം ബോർഡിന് ഏറ്റെടുക്കാമെന്ന് പൊലീസ് തിരിച്ചടിച്ചു. ഇതിനിടയിൽ തീർഥാടകർ നേരിടുന്ന പ്രശ്നങ്ങൾക്കു ഫലപ്രദമായ പരിഹാര നിർദേശങ്ങളോ തീരുമാനങ്ങളോ യോഗത്തിൽ ഉണ്ടായതുമില്ല.
കെഎസ്ആർടിസിക്കെതിരെ മന്ത്രി
കെഎസ്ആർടിസി ബസുകളിൽ തീർഥാടകരെ കുത്തി നിറയ്ക്കുന്നതിനും വലിയ തിരക്കിനിടെ കണ്ടക്ടർ ഇല്ലാത്ത ബസുകൾ പരീക്ഷിക്കുന്നതിനും എതിരെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ തുറന്നടിച്ചു. എവിടെയാണു പോരായ്മകളുള്ളതെന്ന് ഓരോ വകുപ്പും മനസ്സിലാക്കി പരിഹാരത്തിനു ശ്രമിക്കണമെന്നു മന്ത്രി നിർദേശിച്ചു. ടിക്കറ്റ് വിതരണത്തിലെ കാലതാമസവും യോഗത്തിൽ വിമർശിക്കപ്പെട്ടു.
പൊലീസിനെതിരെ ദേവസ്വം
പരിചയക്കുറവുള്ള ഉദ്യോഗസ്ഥരെയാണ് ഇത്തവണ പൊലീസ് നിയോഗിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ കുറ്റപ്പെടുത്തി. ഭക്തർ എട്ടും പത്തും മണിക്കൂർ കാത്തുനിൽക്കുമ്പോഴും ദർശനത്തിനു മേൽപാലത്തിലും തിരുനടയിലും തിരക്കു കുറവാണെന്നും പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കുറയുന്നതാണു കാരണമെന്നും പൊതുവേ സംസാരമുണ്ട്. മുൻപരിചയമുള്ളവരെ നിയോഗിക്കണം. പടികയറ്റത്തിന്റെ വേഗം കൂട്ടണം. സന്നിധാനത്തെയും പമ്പയിലേയും അനാവശ്യ നിയന്ത്രണങ്ങൾ പൊലീസ് നീക്കണം.
കണക്കുനിരത്തി പൊലീസ്
മിനിറ്റിൽ 60 പേർ വീതം കയറിയാൽ മണിക്കൂറിൽ 3600 പേർക്കും ഒരു ദിവസം 64,800 പേർക്കും ദർശനം കിട്ടും. മിനിറ്റിൽ 70 പേർ വീതം കയറിയാൽ മണിക്കൂറിൽ 4200 പേരും ദിവസം 75,600 പേരും ദർശനം നടത്തും. ഇതു സുരക്ഷിതമാണെന്ന് പൊലീസിനെ പ്രതിനിധീകരിച്ച എഡിജിപി എം.ആർ.അജിത്കുമാർ പറഞ്ഞു. പടികയറ്റത്തിന്റെ വേഗം കുറഞ്ഞാൽ കാത്തുനിൽപ് നീളും; തീർഥാടകരെ വഴിയിൽ തടയേണ്ടിവരും.
കരാറുകാർക്കെതിരെ കലക്ടർ
നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലെ കുരുക്കിനു പ്രധാന കാരണം ടോൾ പിരിവിലെ താമസമാണെന്നും കരാറുകാർ ആവശ്യത്തിനു ജീവനക്കാരെ നിയോഗിച്ചിട്ടില്ലന്നും കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ പറഞ്ഞു. പാർക്കിങ് സൗകര്യം കണ്ടെത്താൻ വനംവകുപ്പിന്റെ സഹായം തേടുമെന്നു മന്ത്രി പറഞ്ഞു.
English Summary: Heavy rush in Sabarimala