തമിഴ്നാട് മന്ത്രിയുടെ മകന്റെ കല്യാണത്തിന് കോട്ടയത്തെ ആനകൾ; വിവാദം
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിലെ മന്ത്രിയുടെ മകന്റെ കല്യാണത്തിനു കൊഴുപ്പേകാൻ കേരളത്തിൽ നിന്ന് ആനകളെ എത്തിച്ച സംഭവം വിവാദമായി. റജിസ്ട്രേഷൻ വകുപ്പ് മന്ത്രി പി.മൂർത്തിയുടെ മകന്റെ കല്യാണം കൊഴുപ്പിക്കാനാണു കോട്ടയം ജില്ലയിൽ നിന്നുള്ള നാരായണൻകുട്ടി, സാധു എന്നീ ആനകളെ ഗജപൂജയ്ക്കെന്ന പേരിൽ മധുരയിലെത്തിച്ചത്. സെപ്റ്റംബർ 30നു നടന്ന മന്ത്രിയുടെ മകന്റെ കല്യാണത്തിന് മുഖ്യമന്ത്രിയടക്കമുള്ള അതിഥികളെ സ്വീകരിക്കാൻ ഈ ആനകളെ ഉപയോഗിച്ചു.
കഴിഞ്ഞ ദിവസം വിവരാവകാശ നിയമപ്രകാരം കിട്ടിയ വിവരങ്ങൾ വഴിയാണു സംഭവം പുറത്തായത്. വനം വകുപ്പു നൽകിയ മറുപടിയിൽ വിവാഹം നടന്ന തീയതിയിൽ കേരളത്തിൽ നിന്ന് ആനകളെ കൊണ്ടു വരാൻ അനുമതി നൽകിയിരുന്നെന്നും ഇതു മധുരയിൽ നടക്കുന്ന ഗജപൂജയിൽ പങ്കെടുപ്പിക്കാൻ മാത്രമായിരുന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകൾക്ക് ആനകളെ ഉപയോഗിക്കാൻ നിരോധനമുള്ളതിനാലാണ് ഗജപൂജയെന്ന പേരിൽ കൊണ്ടുവന്നതെന്നാണ് വാദം. വിവാഹത്തിനായി കോടിക്കണക്കിനു രൂപ ചെലവിട്ടെന്ന ആരോപണം നിലനിൽക്കേയാണു പുതിയ വിവാദം.
വിവാഹത്തിന്റെ ആഘോഷത്തോടനുബന്ധിച്ചുള്ള ഗജപൂജയ്ക്കാണ് ആനകളെ കൊണ്ടു പോയതെന്നു ആനകളുടെ ഉടമകളായ എം. മധു, പോത്തൻ വർഗീസ് എന്നിവർ പറഞ്ഞു. കേരളത്തിൽ നിന്നു പുറത്തേക്ക് കൊണ്ടു പോകുന്നതിനു മുൻപ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആനകളെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. യാത്ര സംബന്ധിച്ച് എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. വിവരങ്ങൾ മറച്ചുവച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു.
English Summary: Elephant from Kerala for TN minister's son's marriage