മലയാളി ശാസ്ത്രജ്ഞൻ ശ്രീ നായർക്ക് ഒകാവ പുരസ്കാരം
Mail This Article
ന്യൂയോർക്ക് ∙ ആധുനിക മൊബൈൽ ഫോൺ ക്യാമറകളുടെ വികസനത്തിലേക്കു നയിച്ച സാങ്കേതികവിദ്യകൾക്കു പിന്നിൽ പ്രവർത്തിച്ച മലയാളി ശാസ്ത്രജ്ഞൻ ശ്രീ നായർ ഈ വർഷത്തെ ഒകാവ പുരസ്കാരത്തിന് അർഹനായി. തിരുവനന്തപുരം സ്വദേശിയായ ശ്രീ നായർ, മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ കൊച്ചുമകനാണ്. യുഎസിലെ കൊളംബിയ സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രഫസറായ അദ്ദേഹം കൊളംബിയ വിഷൻ ലബോറട്ടറി മേധാവിയുമാണ്.
ഇന്ന് ലോകമെങ്ങുമുള്ള 100 കോടിയിലേറെ സ്മാർട്ഫോൺ ഉപയോക്താക്കൾ മൊബൈൽ ക്യാമറകളിൽ ശ്രീ നായരുടെ സാങ്കേതികവിദ്യ ദൈനംദിനം ഉപയോഗിക്കുന്നുവെന്ന് കൊളംബിയ സർവകലാശാല അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), വെർച്വൽ റിയാലിറ്റി (വിആർ), ഓഗ്മെന്റഡ് റിയാലിറ്റി (എആർ) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾക്ക് മൊബൈൽ ഫോണിലെ ക്യാമറകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിലൂടെ ഡിജിറ്റൽ ഫൊട്ടോഗ്രഫിയുടെ വികാസത്തിനു നൽകിയ സംഭാവനകളാണ് ശ്രീ നായരെ പുരസ്കാരത്തിനർഹനാക്കിയതെന്ന് ഒകാവ ഫൗണ്ടേഷൻ അറിയിച്ചു.
ഐടി, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് എന്നീ രംഗങ്ങളിലെ മികവിന് ജപ്പാനിലെ ഒകാവ ഫൗണ്ടേഷൻ 1992 മുതൽ നൽകുന്ന പുരസ്കാരത്തിന് അർഹനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ്. സ്വർണപ്പതക്കവും സമ്മാനപത്രവും ഉൾപ്പെടുന്ന പുരസ്കാരം 2023 മാർച്ചിൽ ടോക്കിയോയിൽ വച്ച് സമ്മാനിക്കും.
ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശ്രീ നായർ യുഎസിലെ നോർത്ത് കാരലൈന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. കാണെഗി മെലൻ യൂണിവേഴ്സിറ്റി റോബോട്ടിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലും ഹിറ്റാച്ചിയിലും ഗവേഷണം നടത്തി പിഎച്ച്ഡി നേടിയ ശേഷം കൊളംബിയ സർവകലാശാലയിൽ സേവനം ആരംഭിച്ചു. ന്യൂയോർക്കിലാണ് താമസം. ഡൽഹിയിലെ ഇലക്ട്രോണിക്സ് ട്രേഡ് ആൻഡ് ടെക്നോളജി ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ ആയിരുന്ന പരേതനായ ആർ.എം.നായരാണ് പിതാവ്.
English Summary: Okawa Prize for Sree Nair