വിളർച്ച: സ്ത്രീകൾക്കായി ‘വിവ’ പദ്ധതി വരുന്നു
Mail This Article
കൊച്ചി ∙ സ്ത്രീകളിൽ വിളർച്ച (അനീമിയ) ഒരു രോഗമായി വളരുന്നുവെന്ന ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു സ്ത്രീകൾക്കിടയിൽ വിപുലമായ ആരോഗ്യപദ്ധതിക്ക് സർക്കാർ തുടക്കമിടുന്നു. ‘വിളർച്ചയിൽ നിന്നു വളർച്ചയിലേക്ക്’ (വിവ) എന്നു പേരിട്ട പദ്ധതി ആസൂത്രണ ബോർഡിന്റെ ശുപാർശ പ്രകാരം പുതുവർഷത്തിൽ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. ആരോഗ്യം, തദ്ദേശ സ്വയംഭരണം, വനിത ശിശുവികസനം എന്നീ വകുപ്പുകൾക്കാണ് ഏകോപനത്തിന്റെയും നടത്തിപ്പിന്റെയും ചുമതല.
ഈ മാസമാദ്യം മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണു ‘വിവ’ നടപ്പാക്കാനുള്ള തീരുമാനത്തിലെത്തിയത്. അടുത്ത ബജറ്റിൽ ‘വിവ’ അവതരിപ്പിക്കാനും ആലോചനയുണ്ട്. 15നും 49നും ഇടയിൽ പ്രായമുള്ളവരിൽ രാജ്യത്ത് 57% സ്ത്രീകളും വിളർച്ച ബാധിച്ചവരാണെന്നാണു ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. ഗ്രാമങ്ങളിൽ 59 ശതമാനവും നഗരങ്ങളിൽ 54 ശതമാനവും സ്ത്രീകൾ വിളർച്ച ബാധിതരാണെന്നു സർവേ പറയുന്നു.
∙ വിളർച്ച രോഗമാവുന്നതെപ്പോൾ
ഹീമോഗ്ലോബിൻ അളവ് 11 മില്ലി ഗ്രാമിൽ കുറഞ്ഞാൽ വിളർച്ച സ്ഥിരീകരിക്കാം. 10– 10.90 മില്ലിഗ്രാമിനിടയിലാണെങ്കിൽ ലഘുവായ വിളർച്ച (മൈൽഡ് അനീമിക്). 9.90– 7.0 ഗ്രാം – മിതമായ വിളർച്ച (മോഡറേറ്റ് അനീമിക്). 7.0 ൽ കുറവാണെങ്കിൽ കടുത്ത വിളർച്ച. (സിവിയേർലി അനീമിക്).
English Summary: Viva health project for women