ADVERTISEMENT

തിരുവല്ല ∙ കുറ്റപ്പുഴയിലെ വാടകവീട്ടിൽ‌ യുവതിയെ നരബലി നടത്തി കൊലപ്പെടുത്താൻ ശ്രമമെന്ന് ആരോപണം. വീട് വാടകയ്ക്കെടുത്ത ചങ്ങനാശേരി സ്വദേശിനി അമ്പിളി കൊച്ചിയിൽ നിന്ന് ഇവിടെയത്തിച്ച കർണാടക സ്വദേശിനിയെയാണു നരബലി നൽകാൻ ശ്രമിച്ചതായി ആരോപണം ഉയരുന്നത്. 

കൊച്ചിയിൽ താമസിക്കുന്ന കർണാടക സ്വദേശിനി ഓൺലൈൻ മാധ്യമത്തിൽ വിവരം പങ്കുവച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. ആരും പരാതി നൽകാത്തതിനാൽ കേസെടുത്തില്ല. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ പൂജ നടത്താമെന്നു പറഞ്ഞാണ് തിരുവല്ലയിലേക്കു വിളിച്ചുവരുത്തിയതെന്ന് യുവതി പറയുന്നു.

കഴിഞ്ഞ 8ന് അർധരാത്രിയാണ് സംഭവം. അമ്പിളിയും മന്ത്രവാദിയും ചേർന്നു കളം വരച്ചു ശരീരത്തിൽ പൂമാല ചാർത്തി. മന്ത്രവാദി വലിയ വാളെടുത്തശേഷം ബലി നൽകാൻ പോകുന്നെന്നു പറഞ്ഞു. ഈ സമയം അമ്പിളിയുടെ പരിചയക്കാരൻ വീട്ടിലെത്തി വാതിലിൽ മുട്ടിയതോടെ പദ്ധതി പാളി. മുറിയിൽ നിന്നിറങ്ങിയോടിയ യുവതി, വീടിന്റെ പുറത്ത് എത്തിയ ആളോട് രക്ഷിക്കണമെന്നു പറയുകയും പുലരും വരെ ഇയാളോടൊപ്പം ഇരുന്ന ശേഷം കൊച്ചിയിലേക്കു മടങ്ങുകയുമായിരുന്നു. ഭയന്നു പോയ ഇവർ സ്വദേശമായ കുടകിലേക്കു പോയി. കൊച്ചിയിലെ സുഹൃത്തുക്കളോട് വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്. 

യുവതിയെ തിരുവല്ല പൊലീസ് ബന്ധപ്പെട്ടെങ്കിലും മാതാവ് മരിച്ചതിനാൽ മൊഴിയെടുത്തിട്ടില്ല. യുവതിയെ കോടതിയിലെത്തിച്ച് മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. പൊലീസ് സ്പെഷൽ ബ്രാഞ്ച് വിവരം ശേഖരിച്ചു ഡിജിപിക്കു റിപ്പോർട്ട് നൽകി. ജില്ലാ പൊലീസ് മേധാവി തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 

ചങ്ങനാശേരി നാലുകോടി സ്വദേശിനിയാണ് അമ്പിളിയെന്നും ഇവർ കുടക് സ്വദേശിയിൽ നിന്ന് ഇരുപതിനായിരത്തോളം രൂപ കൈപ്പറ്റിയതായും പറയുന്നു. സാമ്പത്തിക തർക്കമാണ് യുവതിയുടെ ആരോപണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരാതി നൽകിയാൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പിയും കൊച്ചി സിറ്റി പൊലീസും പറഞ്ഞു. എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ തിരുവല്ല പൊലീസിനു കൈമാറുമെന്നും കൊച്ചി സിറ്റി പൊലീസ് പറഞ്ഞു. 

English Summary: Woman escaped during human sacrifice attempt in Thiruvalla 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com