പിഎസ്‌സി നോക്കുകുത്തി: കേരഫെഡിൽ ബന്ധുക്കൾക്കായി പിൻവാതിൽ നിയമനം
Mail This Article
കൊച്ചി ∙ പിഎസ്‌സിയെ നോക്കുകുത്തിയാക്കി കേരഫെഡിൽ ഇഷ്ടക്കാർക്കായുള്ള പിൻവാതിൽ നിയമനം തുടരുന്നു. രാഷ്ട്രീയഭേദമന്യേ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള സംഘടനകളിലെ അംഗങ്ങളുടെ ബന്ധുക്കൾക്കാണു നിയമനം നൽകിയത്.
കരുനാഗപ്പള്ളിയിലെ സിപിഎം നേതാവിന്റെ മകൻ, കരുനാഗപ്പള്ളിയിലെ കോൺഗ്രസ് നേതാവിന്റെ മകൻ, സിഐടിയു നേതാവിന്റെ മകൻ, കേരഫെഡ് കരുനാഗപ്പള്ളി പ്ലാന്റിലെ ഐഎൻടിയുസി നേതാവിന്റെ മകൻ, മുൻ പ്ലാന്റ് മാനേജരുടെ മകൻ എന്നിവർ നിയമനം ലഭിച്ചവരിൽ ഉൾപ്പെടുന്നു. അസിസ്റ്റന്റ് മാനേജർ മെക്കാനിക്കൽ/ഓപ്പറേറ്റർ മെക്കാനിക്കൽ തസ്തികയിലാണു നിയമനം.
കേരഫെഡിലെ നിയമനച്ചട്ടങ്ങൾക്കു സർക്കാർ അംഗീകാരം നൽകിയെങ്കിലും പിഎസ്‌സി വഴിയുള്ള നിയമനം നടത്താൻ കേരഫെഡ് വിമുഖത കാട്ടുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. സർക്കാർ അംഗീകരിച്ച സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെടുന്ന തസ്തികകളിലേക്കാണു കരാർ നിയമനങ്ങൾ വ്യാപകമായി നടത്തുന്നത്. 2023 മേയിൽ കേരഫെഡിലെ സ്ഥിരം ഉദ്യോഗസ്ഥരിലേറെയും വിരമിക്കും. ഇതോടെ മൂന്നൂറോളം ഒഴിവുകളാണു കേരഫെഡിൽ ഉണ്ടാവുക. ഈ ഒഴിവുകൾ കരാർ നിയമനത്തിലൂടെ നികത്താനുള്ള നീക്കം നടക്കുന്നതായി ജീവനക്കാർ പറയുന്നു.
English Summary: Back door appointment in kerafed