ADVERTISEMENT

കൊച്ചി ∙ ആരാധനക്രമം സംബന്ധിച്ച തർക്കം സംഘർഷവും ഏറ്റുമുട്ടലുമായി മാറിയ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ അൾത്താരയിൽ കടന്നുകയറി സംഘർഷമുണ്ടാക്കിയ 3 പേരെ അറസ്റ്റ് ചെയ്തു. ചെമ്പുമുക്ക് പുളിക്കില്ലം വെസ്റ്റ് ബ്ലൂ ലഗൂൺ അപാർട്മെന്റ്സിൽ അമ്പാട്ട് സോളമൻ ഡേവിസ് (49), കാക്കനാട് നിലംപതിഞ്ഞമുകൾ ബ്ലൂ ബ്രിക് അപാർട്മെന്റ്സിൽ ജോസ് മാത്യു (51), ആലുവ അശോകപുരം കൊത്രപ്പിള്ളി ബിജു തോമസ് (56) എന്നിവരാണ് അറസ്റ്റിലായത്. 

കണ്ണീരിനൊപ്പം: കുർബാന അർപ്പണ രീതിയെച്ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ  സംഘർഷത്തിനിടെ പൊട്ടിക്കരയുന്ന വിശ്വാസി. ചിത്രം: മനോരമ ∙ ഇ.വി.ശ്രീകുമാർ
കണ്ണീരിനൊപ്പം: കുർബാന അർപ്പണ രീതിയെച്ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊട്ടിക്കരയുന്ന വിശ്വാസി. ചിത്രം: മനോരമ ∙ ഇ.വി.ശ്രീകുമാർ

ഇവിടെ എല്ലാ ക്രിസ്മസിനും നടക്കാറുള്ള പാതിരാക്കുർബാന സംഘർഷം കാരണം ഇക്കുറി നടന്നില്ല. ബസിലിക്ക പരിസരം പൊലീസ് കാവലിൽ തുടരുന്ന സാഹചര്യത്തിൽ ഇന്നും കുർബാനയുണ്ടാകാൻ സാധ്യതയില്ല. സിനഡ് നിർദേശിച്ച ഏകീകൃത കുർബാന വേണമെന്ന് ഒരു വിഭാഗവും ജനാഭിമുഖ കുർബാന തുടരണമെന്നു മറു വിഭാഗവും തർക്കിച്ചതോടെയാണ് എറണാകുളം– അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയിൽ തുടർച്ചയായ രണ്ടാം ദിവസവും സംഘർഷമുണ്ടായത്.

വാക്കേറ്റം അസഭ്യവർഷത്തിലേക്കും  കയ്യാങ്കളി അക്രമത്തിലേക്കും  എത്തിയതോടെ പൊലീസ് രണ്ടു കൂട്ടരെയും പുറത്തിറക്കിവിട്ടു. വൈദികരെയും ബസിലിക്കയ്ക്കു പുറത്താക്കി. തുടർന്നുണ്ടായ ചർച്ചയിലാണു പാതിരാക്കുർബാന ഒഴിവാക്കാൻ തീരുമാനിച്ചത്. ക്രിസ്മസ് കുർബാന നടത്താൻ താൽപര്യമില്ലെന്ന് ഇരു വിഭാഗങ്ങളും നിലപാടെടുത്തതോടെയാണിതെന്നു പൊലീസ് പറഞ്ഞു. ആർഡിഒ, കണയന്നൂർ തഹസിൽദാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.  

ക്രിസ്മസ് ആയതിനാൽ രണ്ടു കൂട്ടർക്കും കുർബാന നടത്താൻ വെവ്വേറെ സമയം അനുവദിക്കാമെന്ന ഒത്തുതീർപ്പു നിർദേശം ആർഡിഒയും പൊലീസും മുന്നോട്ടുവച്ചെങ്കിലും ഇരു വിഭാഗവും അംഗീകരിച്ചില്ല. തങ്ങൾക്കു കുർബാനയ്ക്ക് അവസരം നഷ്ടപ്പെട്ടാലും വേണ്ടില്ല മറുഭാഗത്തിന്  അനുമതി നൽകാനാവില്ലെന്ന കടുംപിടിത്തത്തിലായിരുന്നു രണ്ടു വിഭാഗങ്ങളുടെയും പ്രതിനിധികളെന്നു പൊലീസ് പറയുന്നു. ബസിലിക്ക രാത്രി 8 മണി വരെ തുറക്കാമെന്ന ധാരണയിലാണു പിരിഞ്ഞതെന്നു പൊലീസ് അറിയിച്ചു. അതനുസരിച്ച് ഇന്നലെ രാത്രി 8 വരെ ബസിലിക്കയുടെ കതകുകൾ തുറന്നിട്ടു. 

പൊലീസ് പറഞ്ഞത്: ‘വിശ്വാസികൾ എത്തുന്നതിനു തടസ്സമുണ്ടാകില്ല. പാതിരാക്കുർബാനയില്ലാത്തതിനാൽ 8 മണിക്കു ശേഷം അടയ്ക്കണമെന്ന് ഇരു വിഭാഗവും ആവശ്യപ്പെട്ടിരുന്നു. അൾത്താരയിലെ ആരാധനാ സാമഗ്രികൾ തകർക്കുകയും സ്ഥാനഭ്രംശമുണ്ടാക്കുകയും ചെയ്തതിനാൽ അൾത്താര വീണ്ടും ഒരുക്കിയ ശേഷമേ കുർബാന നടത്താനാവൂ എന്നും ഇരു വിഭാഗവും നിലപാടെടുത്തു. ഇരു വിഭാഗത്തിന്റെയും  5 വീതം പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.’– അവർ വിശദീകരിച്ചു.

ക്രിസ്മസ് കാലമെന്നതു പരിഗണിച്ചാണു  കടുത്ത നടപടികളിലേക്കു കടക്കാത്തതെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണ്. സംഘർഷം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്നും ആവശ്യമെങ്കിൽ ബസിലിക്ക പൂട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും കമ്മിഷണർ പറഞ്ഞു. മർദനമേറ്റ 11 വൈദികരെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അതിരൂപത അൽമായ മുന്നേറ്റം ഭാരവാഹികൾ പറഞ്ഞു.

തർക്കം അതിരുകടന്നു: കെആർഎൽസിസി

കൊച്ചി ∙ കുർബാന സംബന്ധിച്ച തർക്കങ്ങൾ എല്ലാ അതിർവരമ്പുകളും ലംഘിച്ചതായി കേരള ലത്തീൻ സഭയുടെ രാഷ്ട്രീയകാര്യ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ചൂണ്ടിക്കാട്ടി. ഇത് ഏറെ ദുഃഖകരമാണ്. ലോകത്തിനു ശാന്തിയുടെയും സ്നേഹത്തിന്റെയും ദിവ്യസന്ദേശം പങ്കുവയ്ക്കുന്ന നാളുകളിൽ പോലും ക്രൈസ്തവ മൂല്യങ്ങൾ മറന്നുള്ള അൽമായരുടെ പ്രവർത്തനങ്ങൾ ദുഃഖകരമാണ്. പൊതുസമൂഹത്തിലും ഇതു മാതൃകാപരമല്ലാത്ത ചിന്തകൾ വിതയ്ക്കുന്നുണ്ട്. ബലിയർപ്പണം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം. പരസ്യമായ സംഘട്ടനവും സംഘർഷവും നല്ലതല്ലെന്നു കെആർഎൽസിസി വക്താവ് ജോസഫ് ജൂഡ് വ്യക്തമാക്കി.

ബലിയർപ്പണം പ്രകടനപരവും മത്സരസ്വഭാവത്തിലുള്ളതുമാവരുത്. അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനു വിട്ടുവീഴ്ചകൾക്കു തയാറാവണം. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരിലുള്ള പ്രതിസന്ധികൾ ഒരു കത്തോലിക്കാ വിഭാഗത്തെ മാത്രമല്ല മുഴുവൻ കത്തോലിക്കർക്കും ക്രൈസ്തവർക്കും വേദനയുണ്ടാക്കുന്നതാണെന്നും കെആർഎൽസിസി അഭിപ്രായപ്പെട്ടു.

English Summary: Clash at St. Mary's Cathedral Basilica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com