വെട്ടിക്കളിക്കാനാളില്ല, പ്രായം വെട്ടിയത് ആനാവൂരെന്ന്; ഫോൺ സംഭാഷണം പുറത്ത്
Mail This Article
തിരുവനന്തപുരം ∙ സംഘടനാ നേതൃത്വത്തിലെത്താൻ താൻ പ്രായം കുറച്ചു കാണിച്ചുവെന്നും അതിനു നിർദേശിച്ചതു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണെന്നും എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി വെളിപ്പെടുത്തുന്നതായി ഫോൺ സംഭാഷണം പ്രചരിക്കുന്നു. മദ്യപാനം, വനിതാ പ്രവർത്തകയുടെ പരാതി എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്നലെ സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട ജെ.ജെ.അഭിജിത്തിന്റെ പേരിലുള്ളതാണു ശബ്ദരേഖ.
ഫോൺ സംഭാഷണം ഇങ്ങനെ:
‘ 26 വരെയേ എസ്എഫ്ഐയിൽ നിൽക്കാൻ പറ്റൂ. ഈ വർഷം എനിക്ക് 30 ആയി. ഞാൻ 1992 ലാണ് ജനിച്ചത്. 92,94,95,96 ഈ വർഷങ്ങളിലെ എല്ലാം സർട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാൻ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിയാലും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാൻ ആരുമില്ലാത്തതിനാൽ മനസ്സ് മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ’’.
എന്നാൽ, ഇതെക്കുറിച്ച് അറിയില്ലെന്ന് ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. അഭിജിത്ത് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായതു സമ്മേളനത്തിലൂടെ ആയിരുന്നില്ല. അതുകൊണ്ട് ആ സമയത്തു പ്രായം പരിശോധിച്ചില്ല. അടുത്ത സമ്മേളനം വന്നപ്പോൾ പ്രായപരിധി പിന്നിട്ടതിനാൽ ഒഴിവാക്കിയെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
English Summary: J.J. Abhijith audio against Anavoor Nagappan