‘എന്റെ മകളെപ്പോലും വെറുതെവിട്ടില്ല; 3 വര്‍ഷമായി അനുഭവിക്കുന്ന വേദന ആര്‍ക്കും മനസിലാകില്ല’
Mail This Article
കോട്ടയം ∙ ‘‘ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികൾ അയാൾ നിർമിച്ചു. വ്യാജ ഫോട്ടോകൾ എല്ലാവർക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെവിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ...’’ കണ്ണുനിറഞ്ഞിരുന്നെങ്കിലും നടി പ്രവീണയുടെ വാക്കുകളിൽ രോഷം തിളച്ചു.
സമൂഹമാധ്യമങ്ങളിലൂടെ 3 വർഷമായി തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപാണ് നടി സൈബർ പൊലീസിൽ പരാതി നൽകിയത്. ഇതിനുമുൻപു വ്യാജചിത്രങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജിന് (23) എതിരെയാണു പരാതി.
ഏതാനും വർഷം മുൻപ് നിരന്തരം ശല്യം ചെയ്ത ഭാഗ്യരാജിനെതിരെ പ്രവീണ തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നുവെന്നായിരുന്നു പരാതി. തുടർന്നാണ് നാലംഗ പൊലീസ് ടീം ഡൽഹിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പിൽനിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ അന്നു കണ്ടെടുത്തിരുന്നു.
തുടർന്ന് വഞ്ചിയൂർ കോടതി 3 മാസം റിമാൻഡ് ചെയ്ത ഭാഗ്യരാജ് 1 മാസം പൂർത്തിയാകുന്നതിനു മുൻപു തന്നെ ജാമ്യത്തിലിറങ്ങി. തുടർന്ന് വൈരാഗ്യബുദ്ധിയോടെ കൂടുതൽ ദ്രോഹിക്കുകയാണെന്നു പ്രവീണ പറഞ്ഞു. ഒരു വർഷത്തോളം നിരന്തരം പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. തന്നെ വേദനിപ്പിക്കാനായി നിലവിൽ മകളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ കൂടുതലായി പ്രചരിപ്പിക്കുന്നതെന്നും പ്രവീണ പറയുന്നു. ഇതോടെ പ്രവീണയുടെ മകളും സൈബർ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭാഗ്യരാജിനെരിരെ സൈബർ ബുള്ളിയിങ്ങിനും സ്റ്റോക്കിങ്ങിനും കേസെടുത്തിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം സൈബർ പൊലീസ് ഇൻസ്പെക്ടർ കെ.എൽ സിജു പറഞ്ഞു. പ്രതിയെ എവിടെയാണെന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
English Summary: Actress Praveena against sharing fake photos