ADVERTISEMENT

ചങ്ങനാശേരി ∙ ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന മന്നത്തു പത്മനാഭന്റെ പ്രഖ്യാപനം യാഥാർഥ്യമാക്കാൻ ശക്തമായ നടപടികളുമായി മുൻപോട്ടു പോകുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. 

ഇപ്പോൾ തത്വത്തിൽ അംഗീകരിച്ചിരിക്കുന്ന 10 ശതമാനം സാമ്പത്തിക സംവരണം ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. അതു വിലപ്പോകില്ല. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. മന്നം ജയന്തി ആഘോഷങ്ങൾക്കു തുടക്കം കുറിച്ച് പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജി.സുകുമാരൻ നായർ. 

പാർലമെന്റിൽ ഈ വിഷയം അവതരിപ്പിച്ചപ്പോൾ 3 എംപിമാർ പരസ്യമായി എതിർത്തു. അത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഈ 10 ശതമാനം പോലും നമുക്ക് അവകാശപ്പെട്ടതല്ലെന്നു വരുത്തിത്തീർക്കാൻ ഇവർ ഉൾപ്പെടുന്ന സംഘം ശ്രമിക്കുകയും റിവ്യൂ പെറ്റീഷനുമായി മുൻപോട്ടു പോകുകയുമാണ്. അതിനെ കാര്യമാക്കുന്നില്ല. കേസുകൾ വന്നാൽ കോടതിയിൽ നേരിടും. അവർക്കു ലഭിക്കുന്നതിനെ ബാധിക്കാതെ, നമുക്ക് അനുവദിച്ച 10 ശതമാനം സംവരണത്തെ ഇവർ എതിർത്തപ്പോഴാണ് അടിസ്ഥാനപരമായി സംവരണ വിഷയത്തിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി വീണ്ടും പറയേണ്ടി വന്നത്. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാകണം എന്ന നിലപാട് ആവർത്തിച്ചു പറയാനും ഇതാണ് കാരണം. 

ഏതു ജാതിയിലുള്ളവർ ആയാലും സാമ്പത്തികമായ പിന്നാക്കം നിൽക്കുന്നവർക്കാകണം സംവരണം ലഭിക്കേണ്ടത്. ഈ നിലപാടാണ് ആവർത്തിച്ചത്. വിഷയത്തെക്കുറിച്ചു പറയാൻ എൻഎസ്എസിന് അവകാശമില്ല എന്നാണ് റിവ്യൂ പെറ്റീഷനു നീക്കം നടത്തുന്നവർ ഇതിനോടു പ്രതികരിച്ചത്. ഇത്തരം ധാർഷ്ട്യം അംഗീകരിച്ചു കൊടുക്കാൻ പാടില്ല. സാമ്പത്തിക സംവരണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കും– അദ്ദേഹം പറഞ്ഞു.  എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിച്ചു. കരയോഗം റജിസ്ട്രാർ പി.എൻ.സുരേഷ് പ്രസംഗിച്ചു. 

മന്നം ജയന്തി ദിനമായ ഇന്നു രാവിലെ 7.30ന് മന്നം സമാധിയിൽ പുഷ്പാർച്ചന, 9.40ന് മന്നം സ്മാരക എൻഎസ്എസ് കൺവൻഷൻ സെന്റർ എൻഎസ്എസ് ജന.സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. 10.45ന് ജയന്തി സമ്മേളനം ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.

English Summary: Economically Weaker Sections reservation should be implemented says G Sukumaran Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com