ADVERTISEMENT

ചങ്ങനാശേരി ∙ വിദ്യാഭ്യാസമേഖലയിൽ ആധുനികീകരണം നടപ്പാക്കിയ ക്രാന്തദർശിയായ നേതാവും സമുദായത്തിനായി ജീവിച്ച കർമയോഗിയുമായിരുന്നു മന്നത്തു പത്മനാഭനെന്നു ഡോ. ശശി തരൂർ എംപി പറഞ്ഞു. പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്തു മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കാണം വിറ്റും ഓണം ഉണ്ണണമെന്ന ചൊല്ല് അക്ഷരാർഥത്തിൽ നടപ്പാക്കുന്ന ഇപ്പോഴത്തെ സർക്കാർ മന്നത്തിന്റെ ധനകാര്യ വൈദഗ്ധ്യം മനസ്സിലാക്കി നടപ്പാക്കണം. നായന്മാർക്കിടയിലെ അനാചാരങ്ങൾ ഇല്ലാതാക്കാൻ പ്രയത്നിച്ച മഹാനാണു മന്നം. നായന്മാരെ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും ഒരു നായർക്കു മറ്റൊരു നായരെ അംഗീകരിക്കാൻ പ്രയാസമാണെന്നും മന്നം പറഞ്ഞിട്ടുണ്ടെന്നു ശശി തരൂർ ഓർമിപ്പിച്ചു. രാഷ്ട്രീയത്തിൽ താൻ അതു മനസ്സിലാക്കുന്നുണ്ടെന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തതു ചിരി പടർത്തി. 

മന്നത്തിന്റെ പ്രവർത്തനശൈലിയും മൂല്യങ്ങളും നടപ്പാക്കി വിജയിപ്പിക്കുന്ന വ്യക്തിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരെന്നും ശശി തരൂർ പറഞ്ഞു. വിശ്വസിക്കുന്നതു മാത്രമേ പറയൂ എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷതയെന്നും താനും അതുപോലെയാണെന്നും ശശി തരൂർ പറഞ്ഞു. 

nss-2
എൻഎസ്എസ് ആസ്ഥാനത്ത് പുഷ്പാർച്ചനയ്ക്കായി എത്തിയവരുടെ തിരക്ക്. ചിത്രം: വിഷ്ണു സനൽ ∙ മനോരമ

ശശി തരൂർ തിരുവനന്തപുരത്തു മത്സരിക്കാൻ എത്തിയപ്പോൾ ഡൽഹി നായരെന്നു വിളിച്ചതിന്റെ തെറ്റു തിരുത്താൻ കൂടിയാണ് അദ്ദേഹത്തെ മന്നം ജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടകനായി ക്ഷണിച്ചതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പറഞ്ഞു. 

nss-3
എൻഎസ്എസ് ആസ്ഥാനത്ത് പുഷ്പാർച്ചനയ്ക്കായി എത്തിയവരുടെ തിരക്ക്. ചിത്രം: വിഷ്ണു സനൽ ∙ മനോരമ

‘‘ശശി തരൂർ ഡൽഹി നായരല്ല, കേരളപുത്രനും വിശ്വപൗരനുമാണ്. ഈ യോഗം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹത്തോളം യോഗ്യതയുള്ള വേറെ ആളെ കാണുന്നുമില്ല”- നിറഞ്ഞ കരഘോഷങ്ങൾക്കിടെ സുകുമാരൻ നായർ പറഞ്ഞു. 

എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള പ്രസംഗിച്ചു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മന്നം അനുസ്മരണ പ്രഭാഷണം നടത്തി. പെരുന്നയിലെ മന്നം സ്മാരക എൻഎസ്എസ് കൺവൻഷൻ സെന്റർ സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. 

nss-1
എൻഎസ്എസ് ആസ്ഥാനത്ത് പുഷ്പാർച്ചനയ്ക്കായി എത്തിയവരുടെ തിരക്ക്. ചിത്രം: വിഷ്ണു സനൽ ∙ മനോരമ

മന്ത്രി റോഷി അഗസ്റ്റിനും എംപിമാരും എംഎൽഎമാരും ഉൾപ്പെടെ രാഷ്ട്രീയ നേതാക്കൾ സദസ്യരായിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി ശശി തരൂരിന്റെ പ്രസംഗത്തിനു മുൻപേ മടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. 

Content Highlights: Mannam Jayanthi celebration, Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com