ADVERTISEMENT

ദേശീയ ശാസ്ത്ര കോൺഗ്രസിൽ മുൻകാല വനിതാ ശാസ്ത്ര പ്രതിഭകളെ ആദരിക്കാനായി ഒരുക്കിയ ‘ഹാൾ ഓഫ് ഫെയിമി’ൽ 3 മലയാളി വനിതകളും. കേരളത്തിലും ഇന്ത്യയിലും ലോകവേദിയിലും അറിവും സേവനവും കൊണ്ട് ശ്രദ്ധേയരായ ഡോ. മേരി പുന്നൻ ലൂക്കോസ്, ഡോ. ജാനകി അമ്മാൾ, അന്ന മാണി എന്നിവരാണു വനിതാ ശാസ്ത്ര പ്രതിഭകളിലെ മലയാളിത്തിളക്കമാകുന്നത്. 

തിരുവിതാംകൂറിൽ സർജൻ ജനറലായ ആദ്യത്തെ വനിതയും നിയമസഭാംഗമായ ഇന്ത്യയിലെതന്നെ ആദ്യത്തെ വനിതയുമാണ് ഡോ. മേരി പുന്നൻ ലൂക്കോസ് (1886–1976). ഇന്ത്യയിലെ ആദ്യ സസ്യ ശാസ്ത്രജ്ഞയായ തലശ്ശേരി സ്വദേശി ഡോ. ജാനകി അമ്മാൾ (1897– 1984) കരിമ്പ്, വഴുതന എന്നീ വിളകളിൽ ജനിതകപഠനങ്ങൾ നടത്തി ലോകപ്രശസ്തയായി. ഇന്ത്യയുടെ ‘വെതർ വുമൺ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പീരുമേട് സ്വദേശി അന്ന മാണി (1918 – 2001) കാലാവസ്ഥ വകുപ്പിന്റെ ഡപ്യൂട്ടി ഡയറക്ടർ ജനറലായിരുന്നു.  

‘വനിതകളിലൂടെ വേണം ശാസ്ത്രശാക്തീകരണം’

ദേശീയ ശാസ്ത്ര കോൺഗ്രസിന്റെ 108-ാം പതിപ്പ് മഹാരാഷ്ട്രയിലെ നാഗ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര, സാങ്കേതിക മേഖലകളിലെ വികാസത്തിലൂടെ വനിതകൾ ശക്തരാകുക എന്നത് മാത്രമല്ല, വനിതകളുടെ സംഭാവനകൾ കൊണ്ട് ശാസ്ത്രവും ശാക്തീകരിക്കപ്പെടണം എന്നതാണ് ഇപ്പോൾ രാജ്യത്തിന്റെ ചിന്തയെന്നു പ്രധാനമന്ത്രി പറഞ്ഞു. 

മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി, മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഡോ. ജിതേന്ദ്ര സിങ് തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രസ് ഏഴിന് സമാപിക്കും.

English Summary: Three malayali women in National Science Congress hall of fame

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com