ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു
Mail This Article
ആലപ്പുഴ / ചങ്ങനാശേരി ∙ കവിയും ചലച്ചിത്ര ഗാനരചയിതാവും ടിവി അവതാരകനും നാടകകൃത്തുമായ ബീയാർ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നു ചികിത്സയിലായിരുന്ന ബീയാറിന്റെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് 2.40നു ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസ്കാരം നാളെ ഒന്നിന് കുട്ടനാട് മങ്കൊമ്പിലെ വീട്ടുവളപ്പിൽ. ഇന്ന് 4ന് മങ്കൊമ്പ് കോട്ടഭാഗം എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം 6ന് വീട്ടിലേക്കു കൊണ്ടുപോകും.
സോപാന സംഗീതകാരൻ മങ്കൊമ്പ് മായാസദനത്തിൽ പരേതനായ മങ്കൊമ്പ് ബാലകൃഷ്ണപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനാണ് ബി.രാജേന്ദ്രപ്രസാദ് എന്ന ബീയാർ പ്രസാദ്. നാടകാഭിനയത്തിലൂടെയും നാടകരചനയിലൂടെയുമാണ് കലാരംഗത്തെത്തിയത്. പിന്നീട് ടിവി അവതാരകനും ചലച്ചിത്ര ഗാനരചയിതാവുമായി.
കിളിച്ചുണ്ടൻ മാമ്പഴം, ജലോത്സവം, വെട്ടം, സീതാകല്യാണം, പാതിരാമണൽ, സ്വർണം, വീരാളിപ്പട്ട്, ബംഗ്ലാവിൽ ഔത, ഹായ്, ക്യാംപസ്, ഞാൻ സൽപ്പേര് രാമൻകുട്ടി, വാമനപുരം ബസ് റൂട്ട്, മഹാസമുദ്രം, ഇവർ, ലങ്ക, ഒരാൾ, കുഞ്ഞളിയൻ തുടങ്ങിയ സിനിമകൾക്കാണ് ബീയാർ പ്രസാദ് ഗാനങ്ങളെഴുതിയത്. ഒട്ടേറെ ടിവി സീരിയലുകൾക്കും സംഗീത ആൽബങ്ങൾക്കും പാട്ടെഴുതിയിട്ടുണ്ട്. 21ാം വയസ്സിൽ ആട്ടക്കഥയെഴുതി അവതരിപ്പിച്ചു. ഒരു നോവലും എഴുതി.
പ്രസാദ് തിരക്കഥയെഴുതിയ ജോണി എന്ന ചലച്ചിത്രത്തിന് 1993ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. തീർഥാടനം എന്ന സിനിമയിൽ അഭിനയിച്ചു. 1994ൽ ബൈബിൾ നാടകരചനയ്ക്ക് കാത്തലിക് ബിഷപ്സ് കൗൺസിൽ പുരസ്കാരം, നാടകാവതരണത്തിന് സംഗീത നാടക അക്കാദമി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
ഭാര്യ വിധു പ്രസാദ് പുളിങ്കുന്ന് പഞ്ചായത്തംഗമാണ്. മക്കൾ: ഇള പ്രസാദ് (എംബിഎ വിദ്യാർഥി, ചെക്ക് റിപ്പബ്ലിക്), കവി പ്രസാദ് (പുളിങ്കുന്ന് സെന്റ് ജോസഫ് എച്ച്എസ്എസ് വിദ്യാർഥി).
English Summary: Lyricist beeyar prasad passes away