ADVERTISEMENT

കാക്കനാട്∙ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ വാഴക്കാല സ്വദേശി എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും ഓഹരി ഇടപാട് വെട്ടിപ്പിലൂടെ കൈക്കലാക്കിയ കോടികൾ ചെലവഴിച്ചത് ചൂതാട്ടത്തിനും ആർഭാട ജീവിതത്തിനുമാണെന്നു പൊലീസിനു മൊഴി നൽകി. ആഡംബര വീടുകളും ഫ്ലാറ്റുകളും സ്വന്തമാക്കിയും രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ താമസിച്ചും പണം ധൂർത്തടിച്ചെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.

ന്യൂഡൽഹി വിമാനത്താവളത്തിൽ പിടിയിലായ ദമ്പതികളെ ബുധനാഴ്ച അർധരാത്രിയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇന്നലെ ഉച്ചവരെ ചോദ്യം ചെയ്തു. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശശിധരൻ നേതൃത്വം നൽകി. ഇവരെ പിന്നീട് കോടതി 19 വരെ റിമാൻഡ് ചെയ്തു. 50 കോടി രൂപ ചൂതാട്ടത്തിൽ നഷ്ടപ്പെടുത്തിയെന്ന് എബിൻ മൊഴി നൽകിയെങ്കിലും അതു തട്ടിയെടുത്ത കള്ളപ്പണം ഒളിപ്പിക്കാനുള്ള തന്ത്രമാണെന്നാണു പൊലീസിന്റെ സംശയം.

ഭാര്യക്ക‌ു പണമിടപാടിൽ പങ്കില്ലെന്നാണ് എബിന്റെ നിലപാട്. തൃക്കാക്കരയിൽ ഫ്ലാറ്റ് വാങ്ങി നവീകരിക്കാൻ ആറു കോടി ചെലവഴിച്ചു. ഫ്ലാറ്റ് സമുച്ചയത്തിൽ രണ്ടു നിലകളിലായുള്ള അപ്പാർട്മെന്റുകൾ വാങ്ങി അവ കൂട്ടിച്ചേർത്ത് ആഡംബര വീടാക്കിയെന്നു വിശദീകരിച്ചെങ്കിലും ഇത് അടുത്തയിടെ എബിന്റെ പേരിൽ നിന്നു മാറ്റിയതായി കണ്ടെത്തി.

ലോകകപ്പ് ഫുട്ബോൾ കാണാൻ ഒരുങ്ങി; കേസുകൾ കാരണം പോകാനായില്ല

കാക്കനാട്∙ ഓഹരി ഇടപാടു തട്ടിപ്പിലൂടെ പണം സമ്പാദിച്ച എബിനും ഭാര്യയും ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ തീരുമാനിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഖത്തറിലേക്ക് പോകാനുള്ള യാത്രാരേഖകൾ ശരിയാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീടു കേസുകളുടെ എണ്ണം കൂടിയതോടെയാണ് ഖത്തർ യാത്ര ഒഴിവാക്കി ദുബായിലേക്ക് പോയത്.

വാഴക്കാല മൂലേപ്പാടത്തെ ഇവരുടെ വീടു നീതിന്യായ രംഗത്തു നിന്നു വിരമിച്ച ഉന്നതൻ ഇടപെട്ടാണ് വിറ്റതെന്ന് എബിൻ പൊലീസിനോടു പറഞ്ഞു. ഉന്നതൻ ഓഹരി ഇടപാടിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെയാണ് വീട് വിൽപന നടത്തി പണം തിരികെ വാങ്ങിയത്. ഇതിനനുബന്ധമായ തെളിവുകൾ തൃക്കാക്കരയിലെ ഫ്ലാറ്റ് പരിശോധനയിൽ പൊലീസിനു ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ പരാതിയില്ലെന്ന് എബിൻ പൊലീസിനോടു പറഞ്ഞു. നിയമപരമായ നടപടികൾ പൂർത്തിയാക്കിയാണ് വീടു വിൽപനയെന്നതിനാൽ ഇടപെടേണ്ട കാര്യമില്ലെന്നാണ് പൊലീസിന്റെ നിലപാട്.

Content Highlight: Share fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com