തട്ടിയത് 100 കോടിയോളം രൂപ; അടുത്ത സിനിമ- രാഷ്ട്രീയ ബന്ധങ്ങൾ: പ്രവീൺ റാണ കേരളം വിട്ടു
Mail This Article
തൃശൂർ ∙ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയതോടെ വ്യവസായി പ്രവീൺ റാണ കേരളം വിട്ടെന്നു സൂചന. പുണെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ബിസിനസ് സുഹൃത്തുക്കൾ അഭയം നൽകാനുള്ള സാധ്യത കണക്കിലെടുത്തു പലവഴിക്കു പൊലീസ് തിരച്ചിൽ തുടരുന്നുണ്ട്.
രാജ്യം വിടാൻ ശ്രമം നടക്കുന്നുവെന്നു സൂചനയുള്ളതിനാൽ തിരച്ചിൽ നോട്ടിസ് ഇറക്കിയേക്കും. ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയെന്ന തോതിൽ ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീൺ റാണ നിക്ഷേപകരിൽ നിന്നു തട്ടിയെടുത്തിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം.
സേഫ് ആൻഡ് സ്ട്രോങ് എന്ന നിധി (ചിട്ടി) കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണു തൃശൂർ അരിമ്പൂർ വെളുത്തൂർ സ്വദേശിയായ പ്രവീൺ റാണ (കെ.പി. പ്രവീൺ). എൻജിനീയറിങ്, എംബിഎ ബിരുദങ്ങൾ നേടിയ പ്രവീൺ 7 കൊല്ലം മുൻപു സേഫ് ആൻഡ് സ്ട്രോങ് എന്ന പേരിൽ ബിസിനസ് കൺസൽറ്റൻസിയും ചിട്ടിക്കമ്പനിയും തുടങ്ങിയ ശേഷമാണു നിക്ഷേപങ്ങൾ സ്വീകരിച്ചു തുടങ്ങിയത്.
48% വരെ പലിശ വാഗ്ദാനം ചെയ്തതോടെ 100 കോടിയോളം രൂപ നിക്ഷേപമായി ഒഴുകി. പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകർ നിയമനടപടികളിലേക്കു നീങ്ങി. തൃശൂർ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനിലായി 18 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പല നഗരങ്ങളിലായി ബിസിനസ്, സിനിമ, രാഷ്ട്രീയ, ക്രിമിനൽ ബന്ധങ്ങളുള്ളയാളാണ് പ്രവീൺ റാണയെന്നു പൊലീസ് പറയുന്നു.
കൊച്ചിയിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടന്നെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചേക്കുമെന്നു സൂചനയുണ്ടായെങ്കിലും കോടതിയെ സമീപിച്ചിട്ടില്ല.
English Summary: Investment Fraud Case accused Praveen Rana leaves Kerala