ADVERTISEMENT

കോഴിക്കോട് ∙ നാഷനൽ അഗ്രികൾചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) സംഭരിച്ച 40855 ടൺ കൊപ്ര പൊതുവിപണിയിൽ വിൽക്കാനുള്ള  ലേലം ആരംഭിച്ചു മൂന്നാഴ്ച പിന്നിട്ടിട്ടും നടന്നത് ഒരു വിൽപന മാത്രം. വിലയിടിക്കാനുള്ള സംഘടിത നീക്കത്തിന്റെ ഭാഗമായി വ്യാപാരികൾ വിപണി വിലയിലും കുറഞ്ഞ തുക മാത്രം ലേലം വിളിക്കുന്നതിനാലാണ് 3 ആഴ്ചയായിട്ടും വിൽപന നടക്കാത്തത്. 

വിപണിവിലയേക്കാൾ ക്വിന്റലിന് 650 രൂപ കുറവിലാണ് കഴിഞ്ഞ ദിവസം 260 ക്വിന്റൽ കൊപ്രയുടെ വിൽപന നടന്നത്. ക്വിന്റലിന് 9100 രൂപയാണ് വിപണിവില. എന്നാൽ 8000 മുതൽ 8500 രൂപ വരെ മാത്രമാണു നാഫെഡ് ലേലത്തിൽ വ്യാപാരികൾ വാഗ്ദാനം ചെയ്യുന്നത്. ക്വിന്റലിന് 8450 രൂപ നിരക്കിലാണ് കേരളത്തിൽ സംഭരിച്ച 260 ക്വിന്റൽ കൊപ്ര കഴിഞ്ഞ ദിവസം ലേലത്തിൽ വിറ്റത്.  

കേരളത്തിലെയും തമിഴ്നാട്ടിലെയും കർഷകരിൽ നിന്നു താങ്ങുവില നൽകി നാഫെഡ് സംഭരിച്ച കൊപ്രയാണ് പൊതുവിപണിയിൽ വിൽക്കുന്നത്. വലിയ അളവിൽ കൊപ്ര പൊതുവിപണിയിലേക്ക് എത്തുന്നുവെന്ന വിവരം പുറത്തുവന്നപ്പോൾ തന്നെ വിപണിയിൽ കൊപ്രയുടെ വിലയിടിഞ്ഞു തുടങ്ങിയിരുന്നു. വെളിച്ചെണ്ണ ഉൽപാദന കമ്പനികൾ കേരളത്തിലെ മൊത്തവ്യാപാരികളിൽ നിന്നു  കൊപ്ര വാങ്ങുന്നതു കുറച്ചതായിരുന്നു കാരണം. വിപണി വിലയേക്കാൾ കുറവിൽ കൊപ്ര വിറ്റഴിക്കാൻ നാഫെഡ് തീരുമാനിച്ചാൽ പൊതുവിപണിയിൽ വീണ്ടും വിലയിടിയുകയും ആനുപാതികമായി പച്ചത്തേങ്ങയുടെ വില കുറയുകയും ചെയ്യും. ഇപ്പോഴത്തെ വിലയിൽ തന്നെ പിടിച്ചുനിൽക്കാൻ പാടുപെടുന്ന കേരകർഷകർ വീണ്ടും പ്രതിസന്ധിയിലാകും.  

ക്വിന്റലിന് 10590 രൂപയ്ക്കാണ് നാഫെഡ് ഇത്തവണ കൊപ്ര സംഭരിച്ചത്. സാധാരണ വിപണിവില താങ്ങുവിലയേക്കാൾ ഉയരുമ്പോഴാണ് സംഭരണം അവസാനിപ്പിക്കുക. അപ്പോൾ സംഭരിച്ച കൊപ്ര വിപണിവിലയ്ക്കു വിറ്റാലും നഷ്ടം സംഭവിക്കില്ല. പക്ഷേ ഇത്തവണ സംഭരണത്തിനു ശേഷവും വിപണിവില സംഭരണവിലയേക്കാൾ ക്വിന്റലിന് 1490 രൂപയോളം കുറവാണ്. വിപണിവിലയ്ക്കു കൊപ്ര വിറ്റാൽ തന്നെ നഷ്ടം നേരിടും. വിപണിവിലയിലും വില താഴ്ത്തിയാൽ പ്രതിസന്ധി രൂക്ഷമാകും. ഒപ്പം പൊതുവിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.

Content Highlight: NAFED, Copra Auction 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com