ബഫർ സോൺ: മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് കേരളം; കക്ഷി ചേരാൻ സുപ്രീം കോടതിയിൽ അപേക്ഷ നൽകി
Mail This Article
ന്യൂഡൽഹി ∙ സ്ഥലലഭ്യത കുറവായതിനാൽ പരിസ്ഥിതിലോലമേഖല (ബഫർ സോൺ) എന്ന പേരിൽ കേരളത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയുടെ കഴിഞ്ഞവർഷം ജൂൺ മൂന്നിനുള്ള ബഫർ സോൺ വിധിയിൽ ഇളവു തേടി കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ കക്ഷിചേരാനുള്ള അപേക്ഷയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വേണമെന്ന വിധിയിലാണ് കേന്ദ്രവും കേരളവും ഇളവ് ആവശ്യപ്പെടുന്നത്.
കേന്ദ്രം നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി നാളെയാണു പരിഗണിക്കുന്നത്. വിധി നടപ്പാക്കുമ്പോൾ, പരിസ്ഥിതിലോലമേഖല സംബന്ധിച്ച കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകൾക്ക് ഇളവു നൽകണമെന്ന കേന്ദ്ര നിലപാടിനോടു യോജിച്ചാണ് കേരളത്തിന്റെ അപേക്ഷ. വിധി നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ വഴി നൽകി ഹർജിയിലുണ്ട്.
സംസ്ഥാനത്തെ 17 വന്യജീവി സങ്കേതങ്ങൾ, 6 ദേശീയോദ്യാനങ്ങൾ എന്നിവയ്ക്കുള്ള ബഫർ സോൺ സംബന്ധിച്ച രൂപരേഖ കേന്ദ്ര സർക്കാരിനു നൽകിക്കഴിഞ്ഞു. ഇതിൽ പെരിയാർ കടുവസങ്കേതവും വന്യജീവി സങ്കേതവുമൊഴികെ കരടുവിജ്ഞാപനം ഇറക്കിയതാണ്. മതികെട്ടാനിൽ അന്തിമ വിജ്ഞാപനവുമായി. വിധി നടപ്പാക്കിയാൽ മംഗളവനം പക്ഷിസങ്കേതത്തിന്റെ 200 മീറ്റർ മാത്രം അകലെയുള്ള കേരള ഹൈക്കോടതിയെ ഉൾപ്പെടെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളം ഉന്നയിക്കുന്ന മറ്റു വിഷയങ്ങൾ:
∙ കോടതി പറയുന്ന ഒരു കിലോമീറ്റർ പരിധിയിൽ പതിറ്റാണ്ടുകൾക്കു മുൻപേ രൂപപ്പെട്ട ചെറുകിട–ഇടത്തരം ടൗൺഷിപ്പുകളും ജനവാസ മേഖലകളുമുണ്ട്. 1977 നു മുൻപു വനഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് ഇതു നിയമപരമായി നൽകിയതാണ്.
∙ എല്ലായിടത്തേക്കുമായി പൊതുമാർഗരേഖ സാധ്യമല്ലെന്നും പൊതുതാൽപര്യാർഥം ഇളവുകൾക്കായി കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തെയും ഉന്നതാധികാര സമിതിയെയും സമീപിക്കാമെന്നും വിധിയിൽ കോടതി തന്നെ വ്യക്തമാക്കിയിരുന്നു.
∙ സുപ്രീം കോടതിയിലെ തന്നെ മറ്റൊരു ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ, ബഫർ സോണിന്റെ കാര്യത്തിൽ അന്തിമ വിജ്ഞാപനത്തിലേക്കു കേന്ദ്രം കടന്നതു കോടതി പരിഗണിച്ചില്ല.
പരിസ്ഥിതിലോലം: 35,864 പരാതികൾ തീർപ്പാക്കി
തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖല വിഷയത്തിൽ വനം–റവന്യു–തദ്ദേശ വകുപ്പുകൾ നടത്തുന്ന സ്ഥലപരിശോധനയിൽ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 35,864 പരാതികൾ തീർപ്പാക്കി. ഇതു വരെ 70,224 പരാതികളാണ് പഞ്ചായത്ത് ഹെൽപ് ഡെസ്‍കുകളിൽ ലഭിച്ചത്. 41,444 പുതിയ നിർമിതികൾ കണ്ടെത്തി സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ (കെഎസ്ആർഇസി) അസറ്റ് മാപ്പർ ആപ്പിലൂടെ അപ്‍ലോഡ് ചെയ്തു.
നാലു മാസം മുൻപ് ഉപഗ്രഹ സർവേയിലൂടെ ജനവാസകേന്ദ്രങ്ങളിലെ 49,300 നിർമിതികൾ കണ്ടെത്തി അപ്‍ലോഡ് ചെയ്തിരുന്നു. ഇതിനു പുറമേയാണ് നേരിട്ടുള്ള സർവേയിലൂടെ 41,444 പുതിയ നിർമിതികൾ ചേർത്തത്. ഇതോടെ കണ്ടെത്തിയവയുടെ എണ്ണം 90,774 ആയി. ഇനി 34,360 പരാതികളാണ് തീർപ്പാക്കാനുള്ളത്. ഇതിനുള്ള സമയപരിധി ഞായർ വരെ തുടരുമെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.
English Summary: Buffer Zone: Kerala Submitted Petition at Supreme Court