ലീഗ് ബന്ധം തിരിച്ചടിയായതെങ്ങനെ?: ഇഎംഎസിന്റെ ‘പിബി കത്ത്’ ചർച്ചയാവുന്നു
Mail This Article
തൃശൂർ ∙ മുസ്‌ലിം ലീഗിനോടു സിപിഎമ്മിന്റെ മൃദുസമീപനം ചർച്ചയായതോടെ ലീഗുമായുള്ള മുൻകാല ബന്ധം തിരിച്ചടിയായതെങ്ങനെ എന്നതു സംബന്ധിച്ചു ജനറൽ സെക്രട്ടറി ആയിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് 1985 ൽ പാർട്ടി ഘടകങ്ങൾക്ക് അയച്ച കത്തും ചർച്ചയാവുന്നു. ലീഗുമായുള്ള ബന്ധം വേണ്ടെന്നു വയ്ക്കാൻ ഇടയായ മുൻകാലചർച്ചകളും തീരുമാനവും പഴങ്കഥയാണെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടതോടെയാണിത്.
മുസ്‌ലിം ലീഗിൽ നിന്നു വിഘടിച്ചു വന്ന ഓൾ ഇന്ത്യ മുസ്‌ലിം ലീഗ് (അഖിലേന്ത്യാ ലീഗ്) എൺപതുകളിൽ ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. ഇന്ദിരാ ഗാന്ധി വധത്തെത്തുടർന്ന് 84 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഹിന്ദുമുന്നണി സ്ഥാനാർഥി രണ്ടാമതും ഇടതുസ്ഥാനാർഥി മൂന്നാമതും പോയതോടെ സിപിഎമ്മിന്റെ ജനകീയ അടിത്തറ സംബന്ധിച്ച ചർച്ചകളും പരിശോധനകളും സജീവമായി. അഖിലേന്ത്യാ ലീഗുമായുള്ള ബന്ധം പിബി ചോദ്യം ചെയ്തു. മറ്റു ബൂർഷ്വാ പാർട്ടികളിൽനിന്ന് സിപിഎമ്മിനു വ്യത്യാസമില്ലെന്ന ധാരണ ജനങ്ങളിൽ ശക്തമായി എന്നായിരുന്നു പിബിയുടെ അഭിപ്രായം. തൽക്കാലം അഖിലേന്ത്യാ ലീഗുമായുള്ള രാഷ്ട്രീയ സഖ്യം ഒഴിവാക്കണമെന്നും പിബി നിലപാടെടുത്തു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടി ഘടകങ്ങൾക്ക് ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇഎംഎസ് അയച്ച കത്തിലാണു ലീഗുമായി ഐക്യപ്പെടുന്നത് പാർട്ടിക്കു ഗുണപരമല്ല എന്നു വ്യക്തമാക്കിയത്. പിബിയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ എഴുതിയ ആ കത്തിൽ വിജയവാഡ പ്രമേയത്തെ പരാമർശിച്ച് ഇങ്ങനെ പറയുന്നു:
‘‘1964–65 മുതൽ മുസ്‌ലിം ലീഗുമായോ അതിന്റെ ഒരു ഭാഗവുമായോ ബന്ധപ്പെട്ടു നാം പ്രവർത്തനം നടത്തിയതിൽ ഉണ്ടായ മുഖ്യദൗർബല്യം അവരുടെ സങ്കുചിത മതമൗലികവാദത്തെയും പിന്തിരിപ്പിൻ ആശയഗതികളെയും തുറന്നുകാട്ടുന്നതിനു പാർട്ടി പരാജയപ്പെട്ടു എന്നതാണ്. മതമൗലികവാദത്തെയും പിന്തിരിപ്പൻ ആശയങ്ങളെയും എതിർക്കേണ്ടത് മാർക്സിസ്റ്റ്–ലെനിനിസ്റ്റുകളുടെ ഒഴിവാക്കാനാവാത്ത കടമയാണ്. മുസ്‌ലിം ലീഗുമായി നാം ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് അടവുപരമായ സമീപനവും ധാരണകളും ഒരു രാഷ്ട്രീയ സഖ്യമായി വളർത്തിക്കൊണ്ടുവരേണ്ടിയിരുന്നില്ല. വർഗീയ വിഘടനവാദത്തിന്റെ ആശയത്തിൽ അധിഷ്ഠിതമായ ഒരു ഗ്രൂപ്പുമായോ സംഘടനയുമായോ രാഷ്ട്രീയസഖ്യം ഉണ്ടാക്കുന്നത് ഒരു മാർക്സിസ്റ്റ്–ലെനിനിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അനുവദനീയമല്ല. അതുകാരണം ഈ സമുദായത്തിലെ യഥാർഥ പുരോഗമന ചിന്താഗതിക്കാരിൽ ആശയക്കുഴപ്പം ഉണ്ടാവുകയും ലീഗിന്റെ ചേരിയിൽ ചെന്നുചേരാൻ അവർ നിർബന്ധിതരാകുകയും ചെയ്തു.
ഇത്തരം സഖ്യങ്ങൾക്കു നാം സമ്മതിച്ചാൽ നമ്മുടെ പങ്കാളികളായി വരുന്നവർതന്നെ നമ്മെ വഞ്ചിക്കുകയും നമ്മെ വിട്ടുപിരിയുകയും ചെയ്യും. ഈ വിഷമസന്ധി തരണം ചെയ്യാൻ നമുക്കു കഴിയണമെങ്കിൽ ജാതി–മത സംഘടനകളും പാർട്ടികളും ഉൾപ്പെടെയുള്ളവരുമായുള്ള അവസരവാദി കൂട്ടുകെട്ടുകളുടെ ചങ്ങലയിൽ നിന്നു നാം സ്വയം മോചിതരായേ പറ്റൂ.’’– പിബി കത്തിൽ പറയുന്നു.
ഈ പിബി കത്തിനുള്ള വിയോജനക്കുറിപ്പായിരുന്നു എം.വി.രാഘവന്റെ നേതൃത്വത്തിലുള്ള ബദൽ രേഖ. ലീഗ് ബന്ധത്തെ പിന്തുണയ്ക്കുന്ന ആ രേഖ പാർട്ടി കോൺഗ്രസ് അടക്കം ചർച്ച ചെയ്തു തള്ളി. ആ രാഷ്ട്രീയ ലൈൻ ആണോ എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ വീണ്ടും മുന്നോട്ടു വയ്ക്കുന്നതെന്ന ചർച്ചയാണ് സിപിഎമ്മിൽ ഉയരുന്നത്.
ലീഗിൽനിന്ന് വിഘടിച്ചുണ്ടായ ഐഎൻഎലിനെ കാൽനൂറ്റാണ്ടോളം മുന്നണിക്കു പുറത്തുനിർത്തിയതും ഈ നിലപാടിന്റെ തുടർച്ചയായിരുന്നു. പക്ഷേ, അവർ ഒടുവിൽ ഇടതുപാളയത്തിലെത്തുകതന്നെ ചെയ്തു.
English Summary: EMS Namboodiripad polit bureau letter regarding Muslim League