വിഭാഗീയത: കുട്ടനാട്ടിൽ 75 പേർ കൂടി സിപിഎം വിടാൻ കത്തു നൽകി
Mail This Article
കുട്ടനാട് (ആലപ്പുഴ) ∙ സിപിഎം വിഭാഗീയത രൂക്ഷമായി തുടരുന്ന കുട്ടനാട്ടിൽ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്നു കാട്ടി കൂടുതൽ പേർ നേതൃത്വത്തിനു കത്ത് നൽകി. പുളിങ്കുന്നിൽ നിന്ന് 75 പേരാണു പാർട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നു കാട്ടി ജില്ലാ– സംസ്ഥാന നേതൃത്വങ്ങൾക്കു കത്തു നൽകിയത്. കുട്ടനാട് ഏരിയ നേതൃത്വത്തിന്റെ അവഗണനയിലും പക്ഷപാത നിലപാടിലും പ്രതിഷേധിച്ചാണ് ഏരിയ കമ്മിറ്റി അംഗത്തിന്റെയും ലോക്കൽ സെക്രട്ടറിയുടെയും നേതൃത്വത്തിൽ ലോക്കൽ കമ്മിറ്റി ഒന്നാകെ കത്തു നൽകിയത്.
അടുത്ത ദിവസം നീലംപേരൂർ, കാവാലം കുന്നുമ്മ ലോക്കൽ കമ്മിറ്റികളിൽ നിന്നു കൂടുതൽ പേർ പാർട്ടി വിടാൻ കത്തു നൽകുമെന്ന് സൂചനയുണ്ട്. വിഷയം ചർച്ചചെയ്യാൻ ഇന്ന് വൈകിട്ട് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ കുട്ടനാട് ഏരിയ കമ്മിറ്റിയിൽ യോഗം ചേരുമെന്നാണ് വിവരം. വിഭാഗീയതയുടെ ഭാഗമായി ഏകപക്ഷീയമായി പ്രതികാര നടപടികൾ സ്വീകരിക്കുന്നതടക്കം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബർ 28നു രാമങ്കരിയിൽ നിന്നാണു കൊഴിഞ്ഞു പോക്കിനു തുടക്കം.
രാമങ്കരിയിൽ നിന്ന് 46 പേരാണു രാജി സന്നദ്ധത അറിയിച്ചു നേതൃത്വത്തിനു കത്തു നൽകിയത്. തുടർന്നു തലവടി നോർത്തിൽ നിന്നു 44 പേരും മുട്ടാറ്റിൽ നിന്ന് 36 പേരും കാവാലത്തു നിന്ന് 60 പേരും വെളിയനാട്ട് നിന്ന് 27 പേരും തകഴിയിൽ നിന്ന് ഒരാളും തങ്ങളെ പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്നു കാട്ടി കത്ത് നൽകിയിരുന്നു.
ഇന്നലെ പുളിങ്കുന്നിൽ നിന്നുള്ളവർ ഉൾപ്പടെ, ഇതുവരെ കുട്ടനാട്ടിൽ നിന്ന് 289 പേരാണു പാർട്ടി വിടാൻ സന്നദ്ധത അറിയിച്ചു നേതൃത്വത്തിനു കത്തു നൽകിയത്.
English summary : 75 CPM Members give letter to leave party