യൂസഫലിയെ തോൽപിച്ചെന്ന് ‘നമ്പർ’; റാണ പുതിയ ‘മോൻസൻ’, തട്ടിപ്പുരീതികളുമായി ഏറെ സാമ്യം
Mail This Article
തൃശൂർ ∙ ആരെയും വീഴ്ത്താൻ വഴക്കമുള്ള നാവായിരുന്നു മോൻസൻ മാവുങ്കലിന്റെ ‘ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്’. വിശ്വസിക്കാൻ പ്രയാസമുള്ള നുണകൾ പോലും പകൽപോലെ തെളിച്ചമുള്ള സത്യങ്ങളാക്കി മാറ്റുന്ന വാചകക്കസർത്തിലാണു മോൻസൻ പുരാവസ്തു തട്ടിപ്പുസാമ്രാജ്യം പടുത്തുയർത്തിയത്. ഇതിനു സമാനമാണു പ്രവീൺ റാണയുടെ തട്ടിപ്പു രീതികളും.
ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്കു പിടിച്ചുയർത്താൻ കഴിയുന്ന വൻ ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കാൻ താൻ ഒരുങ്ങുകയാണെന്ന റാണയുടെ വാക്കുകളിൽ നിക്ഷേപകർ വീണുപോയി. മദ്യം, ഹോട്ടൽ, ടൂറിസം, റിയൽ എസ്റ്റേറ്റ്, തുറമുഖം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളിലൂടെ താൻ 2025 ന് അകം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 പേരുടെ പട്ടികയിൽ ഇടംപിടിക്കുമെന്ന് റാണ നിക്ഷേപകരെ വിശ്വസിപ്പിച്ചു.
രാഷ്ട്രീയ – ഉദ്യോഗസ്ഥ പ്രമുഖരെ സുഹൃത്തുക്കളാക്കി ഒപ്പംനിർത്തലായിരുന്നു മോൻസന്റെ തന്ത്രം; ഇതിലേറെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും. റാണയുടെ അടുത്ത ചങ്ങാതികളിൽ കൊച്ചിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഏറെയുണ്ട്. സിനിമ മേഖലയിലും ഇരുവർക്കും ഉറ്റ ചങ്ങാതിമാരുണ്ട്.
തട്ടിപ്പുരാജയായ വഴി!
∙ മേസ്തിരിയിൽനിന്നു വീടുനിർമാണ കരാറുകാരനായി വളർന്ന അച്ഛന്റെ മകൻ – കൈപ്പുള്ളി പുഷ്കരൻ പ്രവീൺ എന്ന കെ.പി.പ്രവീൺ. ചെറുപ്പകാലത്ത് സാമ്പത്തിക ഞെരുക്കമില്ലാതെ വളർന്നു. ലക്ഷംവീട് കോളനിയുടെ സമീപത്താണു വീട്. സമീപത്തെ സാധാരണ സ്കൂളുകളിൽ വിദ്യാഭ്യാസം.
∙ വീടുനിർമാണ കരാറുകളെടുത്തു തുടങ്ങിയതോടെ അച്ഛന് വീടുകളുടെ പ്ലാൻ വരയ്ക്കുന്ന സിവിൽ എൻജിനീയർമാരോടു ബഹുമാനം. മകനെ സിവിൽ എൻജിനീയറാക്കി ഒപ്പം കൂട്ടാൻ മോഹമായി. മകൻ പ്ലാൻ വരയ്ക്കുന്ന പ്രോജക്ടുകൾ താൻ നിർമിച്ചു നൽകുന്ന കമ്പനിയായിരുന്നു അച്ഛന്റെ മനസ്സിൽ. തൃശൂരിലെ എൻജിനീയറിങ് കോളജിൽ മകനെ ചേർത്തു. പഠനം പൂർത്തിയാക്കിയെങ്കിലും പാസ്സായില്ല.
∙ വെളുത്തൂരിലെ വീടിനു സമീപം കുന്നത്തങ്ങാടി ജംക്‌ഷനിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ കടമുറി വാടകയ്ക്കെടുത്ത് കൈപ്പുള്ളീസ് ബിസിനസ് ഗ്രൂപ്പ് എന്ന സ്ഥാപനം തുറന്നു. വിവാഹ, ജോലി കൺസൽറ്റൻസിയായിരുന്നു പ്രധാനം.
∙ കൈപ്പുള്ളീസ് സിനിമാസ് കൂടി ഗ്രൂപ്പിൽ ചേർത്തു ചലച്ചിത്ര നിർമാണവും മറ്റും പ്രഖ്യാപിച്ചു. ഇവന്റ് മാനേജ്മെന്റ്, മെഗാഷോ തുടങ്ങിയവയിലൂടെ വളരാൻ ആ മേഖലകളിലെ പലരുമായി ബന്ധം സ്ഥാപിച്ചു.
∙ 2010 ൽ പുഴയ്ക്കൽ ലുലു കൺവൻഷൻ സെന്ററിൽ യൂത്ത് രത്ന അവാർഡ്സ് എന്ന പേരിൽ മെഗാഷോ സംഘടിപ്പിച്ചു. പൃഥ്വിരാജിനു മികച്ച നായകനായും ബാലയ്ക്കു മികച്ച വില്ലനായും പുരസ്കാരം നൽകി. എത്തിയ സീരിയൽ താരങ്ങൾ, ഡ്രൈവർമാർ, ലൈറ്റ് ആൻഡ് സൗണ്ട് നടത്തിപ്പുകാർ തുടങ്ങിയവർക്കു പണം കൊടുക്കാതിരുന്നത് പ്രശ്നമായി. എന്നാൽ, കേസുകൾ വരാതിരിക്കാൻ റാണ സൂത്രപ്പണി നടത്തിയിരുന്നു. അഭിഭാഷകരെ സമീപിച്ച് ഷോ നടത്തുന്നതിന്റെയും നടീനടന്മാരെ എത്തിക്കുന്നതിന്റെയും കരാറുണ്ടാക്കും. തന്റെ ഭാഗം നിയമപരമായി സുരക്ഷിതമാക്കുന്ന കരാറുകളാണ് എഴുതിയുണ്ടാക്കുക. ക്ലൈമാക്സ് ഇതാണ്: സുരക്ഷിതമായ കരാറുണ്ടാക്കാൻ സഹായിച്ചിരുന്ന അഭിഭാഷകരെയും പ്രവീൺ പറ്റിച്ചു. ആർക്കും പറഞ്ഞ ഫീസ് കൊടുത്തിട്ടില്ല!
∙ ഷോകളിൽ കൈ പൊള്ളിയെങ്കിലും തൃശൂർ നഗരത്തിൽ ആദംബസാർ ബിൽഡിങ്ങിൽ ഓഫിസ് തുറന്നു. ഡയറക്ട് മാർക്കറ്റിങ്, മണി ചെയിൻ മേഖലയിൽ പിടിമുറുക്കി.
∙ ബിസിനസിൽനിന്നു ലഭിച്ച ലാഭം മുംബൈ, പുണെ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലെ പൂട്ടാറായ പബ്ബുകളിലും ഡാൻസ് ബാറുകളിലും മറ്റും നിക്ഷേപിച്ചു വലിയ ലാഭമുണ്ടാക്കി. നാട്ടിൽ പണം മുടക്കുന്നതു കുറഞ്ഞു. പക്ഷേ, കൃത്യമായി വലിയ പലിശ നൽകി കൂടുതൽ നിക്ഷേപകരെ ആകർഷിച്ചു. സേഫ് ആൻഡ് സ്ട്രോങ് എന്ന പേരിൽ ധനകാര്യ സ്ഥാപനം ബ്രാൻഡ് ചെയ്തു.
∙ 2015–16 ൽ കുന്നത്തങ്ങാടിയിൽ ബോഡിഗാർഡുകളുടെ അകമ്പടിയിൽ ആഡംബര വാഹനത്തിൽ വന്നുതുടങ്ങി. കോളനിയോടു ചേർന്നുള്ള ഇടുങ്ങിയ, ടാർ വീഴാത്ത വഴിയിലൂടെ ബെൻസും ബിഎംഡബ്ല്യുവും വന്നുതുടങ്ങി. ഒടുവിൽ റുബികോൺ ആഡംബരക്കാറും.
∙ ഒറ്റനില വീട് 3 നിലയായി. പരിസരത്തു ചില വീടുകളും സ്ഥലവും വാങ്ങിക്കൂട്ടി. വീട്ടിലേക്കു വലിയ കാറുകൾ കയറാൻ ബുദ്ധിമുട്ടായതിനാൽ മുൻഭാഗത്ത് സ്ഥലം വാങ്ങി ഇവിടെ 10 കാറുകൾ വരെ പാർക്ക് ചെയ്യാവുന്ന ഷെഡ് പണിതു. ഗേറ്റിലും മതിലുകളിലും സിംഹത്തിന്റെ ശിൽപങ്ങളും മറ്റും വച്ചുപിടിപ്പിച്ചു.
∙ പേരിനൊപ്പം ഡോക്ടർ ചേർത്ത് ലൈഫ് ഡോക്ടർ എന്നു ബ്രാൻഡ് ചെയ്തു. ടിവി ഷോകൾ, സമൂഹമാധ്യമങ്ങളിലെ പ്രചാരണം ഇവയിലൂടെ നിക്ഷേപകരെ ആകർഷിച്ചു. കെ.പി.പ്രവീൺ എന്നതിനു പകരം പ്രവീൺ റാണ എന്ന പേരു സ്വീകരിച്ചു.
∙ ഇടപാടുകാരെ പബ്ബുകൾ കൊണ്ടുപോയി കാണിച്ചു സ്വന്തം ബിസിനസ് എന്ന രീതിയിൽ പരിചയപ്പെടുത്തിയും വരുതിയിലാക്കി. കോടികൾ നിക്ഷേപമായൊഴുകി. പണം തിരികെ ചോദിക്കുന്നവർക്ക് പുതിയ നിക്ഷേപകരിൽനിന്നു ലഭിക്കുന്ന തുക ഉപയോഗിച്ച് പലിശയും നിക്ഷേപവും നൽകിവന്നതിനാൽ പരാതിയുണ്ടായില്ല.
∙ ധൂർത്തും ആഡംബരവും കൂടിയതോടെ ബിസിനസ് പാളി. 4 കോടി മുടക്കി ആഘോഷിച്ചെന്നു പറയുന്ന വിവാഹത്തിന്റെ ആൽബം തേക്കുതടിപ്പെട്ടിയിൽ തീർത്തതിനു മാത്രം 25 ലക്ഷം രൂപ. കാറുകളുടെ മാത്രം മൂല്യം മൂന്നുകോടിയോളം രൂപ.
∙ 2020 ൽ അനാൻ എന്ന സിനിമ നിർമിച്ച് സ്വയം അഭിനയിച്ചു. പക്ഷേ, ചിത്രം തിയറ്ററിലെത്തിയില്ല. 2022 ൽ ചോരൻ എന്ന സിനിമ കൂടി നിർമിച്ചു നായകനായി അഭിനയിച്ചു. ചിത്രം ഇറങ്ങിയപ്പോഴേക്കും പേര് അറംപറ്റി.
∙ പുതിയ നിക്ഷേപകർ കുറഞ്ഞതോടെ ആദ്യകാല നിക്ഷേപകരുടെ മുതലും പലിശയും മുടങ്ങി. ആദ്യം പരാതിയുമായി വന്നവരുടെ പണം തിരിച്ചുനൽകി പിടിച്ചുനിന്നു. പരാതികൾ കൂടിയതോടെ പലയിടത്തെയും നിക്ഷേപങ്ങൾ പിൻവലിച്ചു മുങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായി.
യൂസഫലിയെ തോൽപിച്ചെന്ന് ‘നമ്പർ’
തൃശൂർ ∙പ്രവീൺ റാണ ചുവപ്പു നിറത്തിലുള്ള ജീപ്പ് റാംഗ്ലർ റുബികോൺ ഉപയോഗിച്ചത് ബിസിനസ് രംഗത്തു താൻ മുൻനിരയിലെത്തി എന്നു വരുത്തിത്തീർക്കാൻ. ഈ കാറിന് ‘1’എന്ന നമ്പർ കിട്ടാൻ 6.5 ലക്ഷം രൂപയാണു മുടക്കിയത്. വ്യവസായപ്രമുഖൻ എം.എ.യൂസഫലിയെ തോൽപിച്ചാണ് ഈ നമ്പർ സ്വന്തമാക്കിയതെന്നും റാണ പ്രഖ്യാപനം നടത്തിയിരുന്നു.
കൊടൈക്കനാലിൽ ആഡംബര വില്ലകൾ
തൃശൂർ ∙തട്ടിപ്പിൽ കെട്ടിപ്പൊക്കിയ ബിസിനസ് ഏതു സമയത്തും തകരുമെന്നു മനസ്സിലാക്കിയ പ്രവീൺ റാണ സ്വന്തം സാമ്പത്തികനില ഭദ്രമാക്കാൻ പലയിടത്തായി സുരക്ഷിത നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നു വിവരം. കൊടൈക്കനാലിൽ 2 ആഡംബര വില്ലകൾ സ്വന്തമാക്കിയിട്ടുണ്ട്. കോടിക്കണക്കിനു രൂപ നോട്ടായിത്തന്നെ പലയിടത്തും സൂക്ഷിച്ചിട്ടുണ്ടെന്നാണു വിവരം.
പ്രതിഛായ കൂട്ടാൻ കള്ളപ്പണം
കൊച്ചി ∙ പ്രതിഛായ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവീൺ റാണ സമീപകാലത്തു 5 കോടി രൂപയുടെ കള്ളപ്പണം ചെലവഴിച്ചതായി സാക്ഷിമൊഴി. പുരസ്കാരങ്ങൾ വിലകൊടുത്തു വാങ്ങാനും പൊതുപരിപാടികളിൽ മുഖ്യസ്ഥാനം ഉറപ്പാക്കാനുമാണു കൂടുതലായി ശ്രമിച്ചത്. ഇതേ ലക്ഷ്യത്തോടെ തൃശൂർ, എറണാകുളം ജില്ലകളിലെ ചില സംഘടനകൾക്കും വ്യക്തികൾക്കും ലക്ഷക്കണക്കിനു രൂപ കൈമാറിയതിന്റെ കണക്കുകളും പൊലീസിനു ലഭിച്ചു.
പരാതിപ്രവാഹം
തൃശൂർ ∙ പ്രവീൺ റാണ അറസ്റ്റിലായതോടെ കേരളത്തിലുടനീളം പരാതികളുമായി ആളുകൾ രംഗത്തെത്തി. നൂറോളം പേർ വിവിധ ജില്ലകളിലായി പൊലീസ് സ്റ്റേഷനുകളിൽ പരാതി റജിസ്റ്റർ ചെയ്തു.
English Summary: Praveen Rana another Monson Mavunkal