ഗുണ്ടാബന്ധം: 3 സിഐമാർക്കും ഒരു എസ്ഐക്കും സസ്പെൻഷൻ
Mail This Article
തിരുവനന്തപുരം ∙ നഗരത്തിലെ ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തിയ 3 സിഐമാർക്കും ഒരു എസ്ഐയ്ക്കും സസ്പെൻഷൻ. പേട്ട എസ്എച്ച്ഒ ഇൻസ്പെക്ടർ റിയാസ് രാജ, മംഗലപുരം എസ്എച്ച്ഒ ഇൻസ്പെക്ടർ എസ്.എൽ.സജീഷ്, റെയിൽവേ ആസ്ഥാനത്തെ സിഐ അഭിലാഷ് ഡേവിഡ്, തിരുവല്ലം എസ്ഐ സതീഷ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. 3 ഡിവൈഎസ്പിമാർക്കെതിരെ റിപ്പോർട്ട് ഇന്നലെ ഡിജിപി ആഭ്യന്തരവകുപ്പിനു കൈമാറി. ഇവർക്കെതിരെ നടപടിയെടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. ഉടൻ നടപടിയുണ്ടാകുമെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ കഴിഞ്ഞദിവസം ഗുണ്ടാസംഘം അക്രമിച്ചു കിണറ്റിൽ ഇട്ടിരുന്നു. ഇൗ കേസിലെ പ്രതികളുമായി നേരത്തേ മംഗലപുരം സിഐക്ക് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതികൾക്ക് മംഗലപുരം സ്റ്റേഷൻ പരിധിയിൽ നിരവധി കേസ് ഉണ്ടെങ്കിലും ഒരു നടപടിയുമെടുത്തില്ല. പേട്ട ഇൻസ്പെക്ടർ റിയാസ് രാജയ്ക്കും തിരുവല്ലം എസ്ഐക്കും ഗുണ്ടാത്തലവൻമാരുമായി നേരിട്ടു ബന്ധമെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ഒരാഴ്ചയായി നഗരത്തിൽ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങൾ പൊലീസിന്റെ കൈവിട്ടുപോയതോടെയാണ് ഇന്നലെ മുഖ്യമന്ത്രി ഇടപെട്ട് ഡിജിപി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഇൗ ഓഫിസർമാർക്കെതിരെ ഇനി മറ്റു റിപ്പോർട്ടുകൾ തേടേണ്ടതില്ലെന്നും നിലവിലുള്ള റിപ്പോർട്ടിൽ തന്നെ ശക്തമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. രാത്രിയോടെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങി.
പാറ്റൂരിൽ ഗുണ്ടാത്തലവൻ ഓംപ്രകാശിന്റെ നേതൃത്വത്തിൽ ആക്രമിക്കപ്പെട്ട ബിൽഡർ നിഥിൻ ഫ്ലാറ്റ് ഇടപാടിൽ ചതിച്ചുവെന്നാരോപിച്ച് നെടുമങ്ങാട് സ്വദേശി രാഹുൽ ഇന്നലെ പത്രസമ്മേളനം നടത്തിയിരുന്നു. ഇതിൽ നഗരത്തിലെ ഭൂമാഫിയയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന 3 ഡിവൈഎസ്പിമാരുടെയും ഒരു സിഐയുടെയും പേര് വെളിപ്പെടത്തുകയും ഇവർക്ക് വേണ്ടി തനിക്കു പതിവായി പാർട്ടി നടത്തേണ്ടിവന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിൽ ആരോപണവിധേയനായ സിഐ അഭിലാഷ് ഡേവിഡിനെ ഡിജിപി രാത്രി തന്നെ സസ്പെൻഡ് ചെയ്തു. അഭിലാഷ് ഡേവിഡ് ഭൂമാഫിയ സംഘങ്ങൾ തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതായും കണ്ടെത്തി. തുടർന്നാണ് സസ്പെൻഷനെന്ന് ഡിജിപി വ്യക്തമാക്കി.
English Summary: Policemen suspended for connection with goondas