ADVERTISEMENT

തിരുവനന്തപുരം ∙ ഭൂമിയുടെ ഉപയോഗം അനുസരിച്ച് ഭൂനികുതി നിശ്ചയിക്കുന്നതിനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിൽ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും ചില സാമ്പത്തിക വിദഗ്ധരും നൽകിയ ഇൗ നിർദേശം നടപ്പാക്കുന്നതിന്റെ പ്രായോഗികത വിലയിരുത്തി അറിയിക്കാൻ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യു വകുപ്പ് പച്ചക്കൊടി കാട്ടിയാൽ വരുന്ന സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കും. 

ബംഗാൾ അടക്കമുള്ള ചില സംസ്ഥാനങ്ങൾ വളരെ മുൻപുതന്നെ ഭൂമിയുടെ തരംനോക്കി നികുതി പിരിക്കാൻ തുടങ്ങിയിരുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളിലൊന്നായാണ് ഭൂനികുതി പരിഷ്കരണത്തെ സർക്കാർ കാണുന്നത്. നിലവിൽ‌ കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് അടിസ്ഥാനമാക്കിയാണ് സർക്കാർ ഭൂനികുതി ഇൗടാക്കുന്നത്. ഏറ്റവും ഉയർന്ന നിരക്ക് കോർപറേഷനിലും തൊട്ടുതാഴെയുള്ള നിരക്ക് മുനിസിപ്പാലിറ്റിയിലും ഏറ്റവും കുറഞ്ഞ നിരക്ക് പഞ്ചായത്തിലും. 

ഭൂമി എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന അടിസ്ഥാനത്തിലല്ല നികുതി. എന്നാൽ, വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിക്കും വലിയ വിപണിമൂല്യമുള്ള ഭൂമിക്കും ഉയർന്ന നികുതി ഇൗടാക്കണമെന്ന ശുപാർശയാണ് സർക്കാരിനു മുന്നിലുള്ളത്. ഭൂമിയിൽ നിന്നു കൂടുതൽ വരുമാനമുണ്ടാക്കുന്നവരിൽനിന്ന് ഉയർന്ന നികുതി ഇൗടാക്കുന്നത് സാധാരണക്കാർക്കുമേൽ വലിയ ഭാരമാകില്ലെന്നാണു സർക്കാരിന്റെ വിലയിരുത്തൽ.

ഭൂമി ന്യായവില പരിഷ്കരണം വൈകും; വർധന പതിവുപോലെ

ഭൂമിയുടെ ന്യായവില പതിവുപോലെ ഇൗ വർഷവും വർധിപ്പിക്കാനാണു സാധ്യത. അടിസ്ഥാന ന്യായവില പരിഷ്കരിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതേക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥസമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അതിനാൽ പ്രഖ്യാപനം ഇൗ ബജറ്റിലും ആവർത്തിക്കാനാണു സാധ്യത. 

2010ലാണ് സംസ്ഥാനത്ത് ഭൂമി ന്യായവില നിലവിൽ വന്നത്. ഇത് അടിസ്ഥാന വിലയായി കണക്കാക്കി ഓരോ വർഷവും 10% വീതം വർധിപ്പിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. തിരഞ്ഞെടുപ്പ് വർഷങ്ങളിൽ വർധന ഒഴിവാക്കാറുണ്ട്. അടിസ്ഥാനവില ചിലയിടങ്ങളിൽ വിപണിവിലയെക്കാൾ ഏറെ താഴെയാണെന്നും ചിലയിടങ്ങളിൽ മുകളിലാണെന്നുമുള്ള പരാതി വ്യാപകമാണ്. ഇതു പരിഹരിക്കുന്നതിനാണ് പരിഷ്കരിക്കാൻ സമിതിയെ സർക്കാർ നിയോഗിച്ചത്.

English Summary : Budget Tax proposals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com