ഡൽഹി പ്രതിനിധി: എ.സമ്പത്തിനു വേണ്ടി ചെലവായത് 7.26 കോടി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി മുൻപു പ്രവർത്തിച്ച എ.സമ്പത്തിനും സംഘത്തിനുമായി 20 മാസം കൊണ്ട് ചെലവഴിച്ചത് 7.26 കോടി രൂപ. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റ സമ്പത്തിനെ കാബിനറ്റ് റാങ്കിലാണു നിയമിച്ചത്. 20 മാസം പദവി വഹിച്ചു. 4 പഴ്സനൽ സ്റ്റാഫിനെയും ദിവസ വേതന അടിസ്ഥാനത്തിൽ 6 പേരെയും നൽകി. ആകെ ചെലവ് 7.26 കോടി. ശമ്പളം മാത്രം 4.62കോടി. ദിവസ വേതനമായി 23.45 ലക്ഷവും ചെലവായി. 19.45 ലക്ഷമായിരുന്നു യാത്രാ ചെലവ്. ഓഫിസ് ചെലവ്, അതിഥി സൽക്കാരം, വാഹന അറ്റകുറ്റപ്പണി, ഇന്ധനം തുടങ്ങിയ ഇനങ്ങളിലും ലക്ഷങ്ങൾ ചെലവായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി കഴിഞ്ഞപ്പോൾ സമ്പത്ത് കേരളത്തിലേക്കു മടങ്ങി. ഇപ്പോൾ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്. അതിനു ശേഷമാണ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി ഡൽഹിയിൽ വേണു രാജാമണിയെ നിയമിച്ചത്. കെ.വി.തോമസ് ഡൽഹിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധി ആയി എത്തുമ്പോഴും വേണു തുടരും. വിദേശ രാജ്യങ്ങളുമായുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ ചുമതല.
എ.സമ്പത്തിനായി ചെലവാക്കിയ തുക
ശമ്പളം: 4.62 കോടി.
ദിവസ വേതനം: 23.45 ലക്ഷം.
യാത്രാ ചെലവ്: 19.45 ലക്ഷം.
ഓഫിസ് ചെലവ്:1.13 കോടി.
അതിഥി ചെലവ്:1.71 ലക്ഷം.
വാഹന അറ്റകുറ്റപ്പണി: 1.58 ലക്ഷം.
മറ്റു ചെലവുകൾ: 98.39 ലക്ഷം.
ഇന്ധനം: 6.84 ലക്ഷം.
English Summary : Crores spent for A Sampath