കെ റെയിൽ സ്റ്റേഷൻ നിർമിക്കാൻ കണ്ടെത്തിയ ഭൂമിയും ‘വിൽപനയ്ക്ക് ’
Mail This Article
കണ്ണൂർ ∙ കെ റെയിൽ പദ്ധതി വരുമ്പോൾ കണ്ണൂരിൽ റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിച്ച ഭൂമിയും ‘വിൽപനയ്ക്ക്’. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിനു സമീപത്തെ റെയിൽവേ ഭൂമിയിലും പൊലീസിന്റെ ഭൂമിയിലുമായാണ് കെ റെയിൽ വരുമ്പോൾ സ്റ്റേഷൻ നിർമിക്കാൻ നിശ്ചയിച്ചിരുന്നത്. കെ റെയിൽ പദ്ധതിക്കായി തയാറാക്കിയ വിശദമായ പദ്ധതിരേഖയിൽ (ഡിപിആർ) ഇക്കാര്യം രൂപരേഖ ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നു.
എന്നാൽ റെയിൽവേ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റി (ആർഎൽഡിഎ) വഴി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഭൂമിയിൽ നിന്ന് പാട്ടത്തിനു നൽകാനായി കണ്ടെത്തിയ സ്ഥലങ്ങളുടെ പട്ടികയിലും ഇതേ ഭൂമി ഉൾപ്പെട്ടിട്ടുണ്ട്.
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോം സ്ഥിതിചെയ്യുന്ന പടിഞ്ഞാറു ഭാഗത്തെ 4.93 ഏക്കർ ഭൂമി ഷോപ്പിങ് സമുച്ചയം ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായും കിഴക്കു വശത്തെ 2.26 ഏക്കർ ഭൂമി റെയിൽവേ കോളനി നിർമാണത്തിനായും പാട്ടത്തിനു നൽകിക്കഴിഞ്ഞു. 45 വർഷത്തേക്ക് 24.63 കോടി രൂപയ്ക്കാണ് ടെക്സ്‌വർത് ഇന്റർനാഷനൽ എന്ന കമ്പനി ഭൂമി പാട്ടത്തിനെടുത്തത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
റെയിൽവേ കോളനി നിർമാണത്തിനായി കൈമാറിയ ഭൂമിയും കെ റെയിലിന്റെ ഡിപിആറിൽ ഉൾപ്പെട്ടിരുന്നു. പാട്ടത്തിനു നൽകാനായി ആർഎൽഡിഎ തയാറാക്കിയ ഭൂമിയുടെ പട്ടികയിൽ ഇതിനോടു ചേർന്നുള്ള സ്ഥലങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
കൈമാറ്റം പൂർത്തിയാകുന്നതോടെ നിലവിലെ റെയിൽവേ സ്റ്റേഷനു സമീപം കെ റെയിൽ സ്റ്റേഷൻ എന്ന പദ്ധതിയും ഉപേക്ഷിക്കേണ്ടിവരും
English Summary : Land selected to construct K rail station is for lease