ADVERTISEMENT

തിരുവനന്തപുരം∙ നഗരത്തിലെ ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തിയ പേട്ട എസ്എച്ച്ഒ ഇൻസ്പെക്ടർ റിയാസ് രാജ, മംഗലപുരം എസ്എച്ച്ഒ ഇൻസ്പെക്ടർ എച്ച്.എൽ, സജീഷ്, റെയിൽവേ ആസ്ഥാനത്തെ സിഐ അഭിലാഷ് ഡേവിഡ്, തിരുവല്ലം എസ്ഐ കെ.ആർ.സതീഷ് എന്നിവരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. മംഗലപുരം പൊലീസ് സ്റ്റേഷനിലെ 10 പൊലീസുദ്യോഗസ്ഥരെ കൂടി ആദ്യഘട്ടത്തിൽ മാറ്റുന്നതിനും പിന്നീട് ബാക്കിയുള്ളവരെ മാറ്റുന്നതിനും തീരുമാനമായി. ഗുണ്ടാ ബന്ധമുണ്ടെന്ന് ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് കൈമാറിയ 2 ഡിവൈഎസ്പിമാർക്കെതിരെയുള്ള നടപടി ഉത്തരവ് ഇറങ്ങിയില്ല. നടപടി വൈകുന്നത് രാഷ്ട്രീയ സമ്മർദം മൂലമാണെന്ന സൂചനകളും പുറത്തുവരുന്നു. എന്നാൽ നിയമപരമായ പരിശോധനകൾക്കുള്ള താമസമാണെന്നാണ് വകുപ്പിന്റെ വിശദീകരണം. ഇവർ ഇപ്പോൾ തിരുവനന്തപുരം നഗരത്തിൽ വിജിലൻസിലും ക്രൈംബ്രാഞ്ചിലും പ്രവർത്തിക്കുകയാണ്. 

തിരുവല്ലം എസ്ഐക്കെതിരെ 2 സസ്പെൻഷനാണ് ഉത്തരവിട്ടിട്ടുള്ളത്. ഗുണ്ടാ ബന്ധത്തിന് പുറമേ ഹണി ട്രാപ്പിൽ പെട്ട് റിട്ട.മേജർ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയെ രാജസ്ഥാനിൽ പോയി പിടികൂടിയെങ്കിലും ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് പ്രതിയെ രക്ഷപ്പെടുത്താൻ സഹായിച്ചതിനാണ് ഒരു സസ്പെൻഷൻ.

സ്റ്റേഷനിൽ വരുന്ന സാമ്പത്തിക തട്ടിപ്പു പരാതികൾ ഗുണ്ടാത്തലവനായ ഓംപ്രകാശിനെ അപ്പോൾ തന്നെ അറിയിച്ചെന്നും ഓംപ്രകാശ് ഇൗ പരാതിക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനു കൂട്ടുനിന്നുവെന്നും ഗുണ്ടകളും സാമൂഹിക വിരുദ്ധരും ചേർന്നുള്ള സമാന്തര സംഘത്തിൽ പങ്കാളികളാണെന്നുമുള്ള ഗുരുതര കുറ്റങ്ങളും ഇൗ ഓഫിസർമാർക്കെതിരെയുള്ള സസ്പെൻഷൻ ഉത്തരവുകളിൽ വിശദീകരിക്കുന്നു. കൊച്ചി സിറ്റി ചേരാനല്ലൂർ എസ്എച്ച്ഒ ഇൻസ്പെക്ടർ കെ.ജി.വിപിൻകുമാറിനെ സസ്പെൻഡ് ചെയ്ത ഉത്തരവും ഇന്നലെ ഇറങ്ങി.

ബാറുകളുടെ സമയക്രമം കർശനമായി പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നും ഡിജെ പാർട്ടി നടത്തുന്നത് ലൈസൻസിന്റെ അടിസ്ഥാനത്തിലാണോയെന്ന് ഉറപ്പാക്കണമെന്നും ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.

English Summary : Police goonda nexus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com