ഇലന്തൂർ ഇരട്ട നരബലി; കൂട്ടബലാത്സംഗവും നരഭോജനവും സ്ഥിരീകരിച്ച് രണ്ടാം കുറ്റപത്രം
Mail This Article
ആലുവ∙ ഇലന്തൂർ ഇരട്ട നരബലിക്കൊലക്കേസിൽ കൂട്ടബലാത്സംഗവും നരഭോജനവും സ്ഥിരീകരിച്ച് അന്വേഷണ സംഘം രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. ന്യൂഡൽഹിയിലെ നിർഭയ കേസിനു ശേഷം ഇരകളുടെ സ്വകാര്യ ഭാഗത്ത് എന്തെങ്കിലും ആയുധം കൊണ്ടു മുറിവേൽപ്പിച്ചാലും ബലാത്സംഗകുറ്റം ചുമത്താമെന്ന നിയമഭേദഗതിയുടെ വെളിച്ചത്തിലാണ് നടപടി. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയെ സമാനരീതിയിൽ മുറിവേൽപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെയും ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നു.
കാലടി സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്നലെ പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിൽ അഡീ.എസ്പി: ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കടവന്ത്രയിൽ വാടകയ്ക്കു താമസിച്ചിരുന്ന തമിഴ്നാടു സ്വദേശിനിയെ സമാന സാഹചര്യത്തിൽ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ 6 ന് എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ ആദ്യകുറ്റപത്രം സമർപ്പിച്ചിരുന്നു. എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാഫി (52), പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽസിങ് (67) ഭാര്യ ലൈല (58) എന്നിവരാണു രണ്ടു കേസുകളിലും ഒന്നു മുതൽ മൂന്നു വരെ പ്രതികൾ.
കൊലപാതകത്തിനു പുറമേ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകൽ, കുറ്റകരമായ ഗൂഢാലോചന, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരം, മോഷണം, തെളിവു നശിപ്പിക്കൽ തുടങ്ങിയ ഗുരുതരസ്വഭാവമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഒട്ടേറെ കേസിലെ പ്രതിയായ ഷാഫി ഇരകളെ ഇലന്തൂരിലെ കൂട്ടുപ്രതികളുടെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷണങ്ങളായി മുറിച്ചു മാംസം പാകം ചെയ്തു ഭക്ഷിക്കുകയും, റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും, ബാക്കി ഭാഗം പറമ്പിൽ കുഴിച്ചിടുകയും ചെയ്തതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു.
3000 പേജുള്ള കുറ്റപത്രം
200 സാക്ഷിമൊഴികൾ, 60 മഹസറുകൾ, 130 രേഖകളും അടക്കം 3000 പേജുള്ള കുറ്റപത്രത്തിനൊപ്പം കൊലയ്ക്ക് ഉപയോഗിച്ച കത്തിയും വാഹനങ്ങളും അടക്കം 50 തൊണ്ടി സാധനങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇരയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ മോതിരം പ്രതികൾ ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയത് അന്വേഷണ സംഘം തെളിവുസഹിതം കണ്ടെത്തി. മൊബൈൽ ഫോൺ ആലപ്പുഴ എസി കനാലിൽ എറിഞ്ഞതും പൊലീസ് വീണ്ടെടുത്തിരുന്നു. ഇരകളാരാണെന്നു സ്ഥിരീകരിച്ച ഡിഎൻഎ പരിശോധനാ ഫലങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കാലടി കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 89–ാം ദിവസമാണു കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ ജാമ്യത്തിനുള്ള സാധ്യത മങ്ങി.
കൊച്ചി സിറ്റി ഡിസിപി:എസ്.ശശിധരൻ, പെരുമ്പാവൂർ എസിപി അനുജ് പലിവാൽ, മുളന്തുരുത്തി എസ്എച്ച്ഒ: പി.എസ്.ഷിജു, കാലടി എസ്എച്ച്ഒ എൻ.എ.അനൂപ്, എസ്ഐമാരായ ടി.ബി.ബിബിൻ, പി.സി.പ്രസാദ്, എഎസ്ഐ ടി.എസ്. സിജു, സീനിയർ സിപിഒമാരായ എം.വി.ബിനു, എം.ആർ.രാജേഷ്, പി.എ.ഷിബു, കെ.പി.ഹബീബ്, വി.ആർ.അനിൽകുമാർ, എം.എസ്.ദിലീപ്കുമാർ, പി.എം.റിതേഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
എൻ.കെ. ഉണ്ണിക്കൃഷ്ണൻ സ്പെഷൽ പ്രോസിക്യൂട്ടർ
പെരുമ്പാവൂർ നിയമ വിദ്യാർഥിനി വധക്കേസിലും കൂടത്തായി കൂട്ടക്കൊലക്കേസിലും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായ എൻ.കെ. ഉണ്ണിക്കൃഷ്ണൻ ഇലന്തൂർ ഇരട്ട നരബലിക്കൊലക്കേസിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുമെന്നു റൂറൽ എസ്പി വിവേക് കുമാർ അറിയിച്ചു.
English Summary: Elanthoor human sacrifice case; Charge sheet