‘ജപ്തി കോടതി പറഞ്ഞവരുടേത് മാത്രം മതി’: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തിയെപ്പറ്റി ഹൈക്കോടതി
Mail This Article
കൊച്ചി ∙ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ഉണ്ടായ നാശനഷ്ടം ഈടാക്കാൻ നടപടിയെടുക്കുമ്പോൾ കോടതി നിർദേശിക്കാത്ത ആരുടെയും സ്വത്തുക്കൾ ജപ്തി ചെയ്യരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. നിയമവിരുദ്ധ മിന്നൽ ഹർത്താൽ നടത്തിയ സംഘടനയുടെയും ആഹ്വാനം ചെയ്ത ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്തു നഷ്ടപരിഹാരം ഈടാക്കാനാണ് നിർദേശിച്ചതെന്നു കോടതി വ്യക്തമാക്കി.
സർക്കാർ നടപടിയെ കുറിച്ചു പരാതിയുള്ള സാഹചര്യത്തിൽ, ജപ്തി നേരിട്ടവർക്കു പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കി ഫെബ്രുവരി രണ്ടിനകം ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകാനും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജപ്തി ചെയ്ത സ്വത്തുവകകളുടെ മൂല്യനിർണയവും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണം. 2022 സെപ്റ്റംബർ 23 നു പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിലാണു നിർദേശം.
കെഎസ്ആർടിസിക്കും സർക്കാരിനും സ്വകാര്യ വ്യക്തികൾക്കുമായി 5.20 കോടി രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. തുക ഈടാക്കാൻ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായ 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി ചെയ്തതിന്റെ ജില്ല തിരിച്ചുള്ള കണക്ക് സർക്കാർ കോടതിയിൽ നൽകി. എന്നാൽ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കളും ജപ്തി ചെയ്തതായി പരാതിയുണ്ടായി. മലപ്പുറം കാടാമ്പുഴ സ്വദേശിയായ ടി.പി.യൂസഫ് ഇത്തരത്തിലുള്ള പരാതിയുമായി കോടതിയെ സമീപിച്ചു. ഹർജി ഫെബ്രുവരി 2നു വീണ്ടും പരിഗണിക്കും. ഹർത്താൽ നഷ്ടം നിർണയിക്കാൻ നിയോഗിക്കപ്പെട്ട ക്ലെയിം കമ്മിഷണർ അടുത്ത ദിവസം വിഡിയോ കോൺഫറൻസിലൂടെ ഹാജരാകണമെന്നു കോടതി നിർദേശിച്ചു.
തുടർനടപടി ആരാഞ്ഞ് റവന്യു വകുപ്പ്
പാലക്കാട് ∙ ഹർത്താലിന് 5 മാസം മുൻപു കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലും സ്വത്ത് കണ്ടുകെട്ടലിന്റെ ഭാഗമായി ജപ്തി നോട്ടിസ് നൽകിയ സംഭവത്തിൽ തുടർനടപടി എന്തു വേണമെന്നു ചോദിച്ച് ആഭ്യന്തരവകുപ്പിനു റവന്യു വകുപ്പു കത്തയച്ചു. 17 വർഷത്തോളമായി വിദേശത്തുള്ളയാളുടെ പേരിൽ ജപ്തി നോട്ടിസ് നൽകിയ സംഭവത്തിലും അഭിപ്രായം തേടിയിട്ടുണ്ട്. ഹർത്താലിന് 5 മാസം മുൻപ്, 2022 ഏപ്രിൽ 15നു കൊല്ലപ്പെട്ട സുബൈറിന്റെ പേര് പട്ടികയിൽ ഉൾപ്പെടുകയും റവന്യു വകുപ്പു വീട്ടിൽ ചെന്നു ജപ്തി നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. സുബൈർ കൊല്ലപ്പെട്ട കാര്യം അറിയിച്ചിരുന്നെന്നും നിർബന്ധപൂർവം നോട്ടിസ് ഒപ്പിട്ടു വാങ്ങുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
English Summary: Kerala High Court Seeks Report From Police On Popular Front Raid