ADVERTISEMENT

തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ  ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിലെ തെറ്റു കണ്ടെത്താൻ ഗൈഡിനോ അതു വിലയിരുത്തേണ്ട പാനലിനോ കഴിയാതിരുന്നതും ചർച്ചയാവുന്നു. മൂന്നു വിദഗ്ധർ മൂല്യം നടത്തിയശേഷമാണു പിഎച്ച്ഡി നൽകുന്നതിനായുള്ള ഓപ്പൺ ഡിഫൻസ് നടക്കുന്നത്. പ്രബന്ധം വിലയിരുത്താൻ നിയോഗിക്കേണ്ട പരിശോധകരുടെ പാനൽ സർവകലാശാലയ്ക്കു നിർദേശിക്കുന്നത് ഗൈഡ് ആണ്. കേരളാ സർവകലാശാലയിൽ 12 പേരുകൾ ഇങ്ങനെ നൽകണം. ഇതിൽ 3 പേർ സർവകലാശാലയ്ക്കു പുറത്തുള്ള കേരളീയരും 7 പേർ സംസ്ഥാനത്തിനു പുറത്തുള്ളവരും 2 പേർ വിദേശികളും ആകണം. ഇതിൽനിന്നു 3 പേരെ വൈസ് ചാൻസലർ തിരഞ്ഞെടുത്ത് അവർക്ക് പ്രബന്ധം വിലയിരുത്താൻ അയയ്ക്കുന്നു. ഇതു വിസി രഹസ്യമായി ചെയ്യുന്നുവെന്നാണു സങ്കൽപം. എന്നാൽ പലപ്പോഴും ബന്ധങ്ങളും സ്വാധീനവും വഴി പ്രബന്ധം തയാറാക്കുന്നയാൾക്കും ഗൈഡിനും താൽപര്യമുള്ളവർക്കാണു പ്രബന്ധം അയയ്ക്കുക.

ചിന്താ ജെറോമിന്റെ പ്രബന്ധം വിലയിരുത്തിയ 3 വിദഗ്ധരിൽ 2 പേർ കേരളത്തിനു പുറത്തുള്ളവരാണ്. അവർക്ക് ‘വാഴക്കുല’ ആരാണ് എഴുതിയതെന്ന് അറിയണമെന്നില്ല. ചങ്ങമ്പുഴക്കവിതയായ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതെന്ന് എഴുതിയത് കേരളത്തിലുള്ള മൂന്നാമത്തെ വിദഗ്ധന്റെയും ശ്രദ്ധയിൽപെട്ടില്ല എന്നു കരുതേണ്ടിവരും. പ്രബന്ധത്തിലെ പിഴവ് വിദഗ്ധർ കണ്ടെത്തി തിരുത്താനായി തിരിച്ചയയ്ക്കുന്ന രീതി മുൻപുണ്ടായിരുന്നു.

പ്രബന്ധം വിലയിരുത്തേണ്ട വിദഗ്ധരും  ഗവേഷണത്തിനു മാർഗനിർദേശം നൽകേണ്ട ഗൈഡും തെറ്റു കണ്ടെത്താൻ മിനക്കെടാത്ത സാഹചര്യത്തിൽ ഗവേഷണ  പ്രബന്ധങ്ങൾ തമാശയാകുന്ന സാഹചര്യം സർവകലാശാലകളിലുണ്ട്. പ്രബന്ധത്തിന്റെ മൂല്യനിർണയം കഴിഞ്ഞാൽ വിദഗ്ധസമിതി ചെയർമാന്റെ സാന്നിധ്യത്തി‍ൽ ഓപ്പൺ ഡിഫൻസ് നടത്തണം. പ്രബന്ധത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് അവിടെ ഗവേഷകർ  മറുപടി നൽകണം എന്നാണു സങ്കൽപം. അതും ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

ഓപ്പൺ ഡിഫൻസിനു ശേഷം ഗവേഷകന് പിഎച്ച്ഡിക്ക് യോഗ്യതയുണ്ടെന്നു ചെയർമാൻ ശുപാർശ ചെയ്യുകയും സിൻഡിക്കറ്റ് അനുവദിക്കുകയും ചെയ്യുന്നതാണു നടപടിക്രമം. പിന്നീട് പ്രബന്ധം യുജിസി വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യുമ്പോൾ തെറ്റുകൾ ശ്രദ്ധയിൽപ്പെടാം.

 

പിഎച്ച്ഡി പ്രബന്ധം: രചനാ മോഷണം കണ്ടെത്താൻ സാങ്കേതിക സഹായം

പിഎച്ച്ഡി പ്രബന്ധം സമർപ്പിക്കുമ്പോൾ ആധികാരികത പരിശോധിക്കാൻ കേരളത്തിലെ പല സർവകലാശാലകൾക്കും പല രീതി. രചനാ മോഷണം നടന്നിട്ടുണ്ടോ എന്നു കണ്ടെത്താൻ  കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2 സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു–സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഉർക്കുണ്ടും ഐതന്റിക്കേറ്റും. പ്രബന്ധത്തോടൊപ്പം യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നു രചനാ മോഷണം ഇല്ലെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് കൂടി നൽകണമെന്നും ഇവിടെ നിബന്ധനയുണ്ട്. 

കാലിക്കറ്റ്, എംജി സർവകലാശാലകളിലും മറ്റേതെങ്കിലും പ്രബന്ധവുമായി സാമ്യമുണ്ടോയെന്നു സോഫ്റ്റ്‌വെയർ വഴി പരിശോധിക്കും. അപാകത കണ്ടാൽ തിരുത്താനായി തിരിച്ചു നൽകും. പിഴവു തിരുത്തി വീണ്ടും പ്രബന്ധം സമർപ്പിക്കാം. പിഎച്ച്ഡി നൽകിയതിൽ അപാകത കണ്ടെത്തിയാൽ തിരിച്ചെടുക്കാനും സെനറ്റിന് അധികാരമുണ്ട്.

സംസ്കൃത സർവകലാശാലയിൽ നിയമലംഘനം ഏറെ

ഗവേഷണ മേഖലയിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടന്ന ക്രമക്കേടുകൾ പുറത്തുവരുന്നു.

മലയാളഭാഷാ വകുപ്പിൽ യുജിസി ചട്ടങ്ങൾ ലംഘിച്ചു നടത്തിയ ഗവേഷണ വിദ്യാർഥിയുടെ പ്രവേശന നടപടി ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം നിർത്തിവച്ചിരിക്കുകയാണ്. പ്രവേശന പരീക്ഷയുടെ മാർക്ക് കണക്കിലെടുക്കാതെ റാങ്ക് പട്ടിക തയാറാക്കിയെന്നാണ് ആരോപണം. പ്രവേശന പരീക്ഷയിൽ രണ്ടും നാലും ഏഴും എട്ടും റാങ്കുകൾ ലഭിച്ചവർക്കു കൂടിക്കാഴ്ചയിൽ മാർക്ക് കുറച്ചുനൽകിയെന്നും ഇവരുടെ റാങ്ക് യഥാക്രമം 15 ഉം 36 ഉം 33 ഉം 17 ഉം ആയെന്നുമാണ് പരാതി. 

എഴുത്തു പരീക്ഷയ്ക്ക് 100 മാർക്കാണ്. കൂടിക്കാഴ്ചയ്ക്ക് 700 മാർക്കുണ്ട്. വേണ്ടപ്പെട്ടവർക്ക് കൂടിക്കാഴ്ചയിൽ ഇഷ്ടം പോലെ മാർക്കു കൊടുക്കുമ്പോൾ, എഴുത്തു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർ പുറത്താകുന്നു. 

റിസർച് ഗൈഡുമാരെ നിയമിച്ചതിലും ആക്ഷേപമുണ്ട്. കോടതി വ്യവഹാരം നിലനിൽക്കെ മുൻ‍ വൈസ് ചാൻസലർ അധ്യാപക നിയമന നടപടി പൂർത്തിയാക്കി. 

ഇവരുടെ പ്രബേഷൻ കാലാവധി പൂർത്തിയാകുന്നതിനു മുൻപേ റിസർച് ഗൈഡുമാരായി നിയമിക്കുകയും ചെയ്തു.

 

English Summary: Controversy on Chintha Jerome thesis

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com