ഭാര്യയെ കാണാനില്ലെന്നു പരാതിപ്പെട്ട ഭർത്താവ് ഭാര്യ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിൽ
Mail This Article
കാഞ്ഞൂർ ( കൊച്ചി) ∙ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി കാലടി പൊലീസ് സ്റ്റേഷനിലെത്തിയ തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞൂർ തട്ടാൻപടിയിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് പുതുക്കുടിയിരിപ്പ് തെക്കെത്തെരുവിൽ മഹേഷ്കുമാറാണ് (37) അറസ്റ്റിലായത്. ഇയാളുടെ ഭാര്യ തെങ്കാശി സ്വദേശി രത്നാവതിയാണ് (35) കൊല്ലപ്പെട്ടത്. ഭാര്യയിലുള്ള പ്രതിയുടെ സംശയമാണു കൊലപാതകത്തിനു കാരണമായതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളി രാത്രി 8 മണിയോടെയാണ് കൊലപാതകം നടന്നത്. ഇവർ വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം സ്വകാര്യ വ്യക്തിയുടെ ജാതിക്കാത്തോട്ടത്തിലാണു രത്നാവതിയുടെ മൃതദേഹം കണ്ടെത്തിയത്.
തോട്ടത്തിൽവച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു മഹേഷ്കുമാറിന്റെ മൊഴി. ഭാര്യക്കു തമിഴ്നാട്ടിലെ സേലം സ്വദേശിയുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടർന്ന് പ്രതി സ്ഥിരമായി വഴക്കിടുമായിരുന്നു. ഇക്കാരണത്താൽ വിവാഹ ജീവിതം തുടരുന്നതിൽ രത്നാവതി എതിർപ്പു പ്രകടിപ്പിച്ചിരുന്നു. 8 വർഷം മുൻപാണ് ഇവർ വിവാഹിതരായത്.
മഹേഷ്കുമാറിന്റെ മൂന്നാമത്തെ വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. പല സ്ഥലത്തും മാറിമാറിയാണ് താമസം. കൂലിപ്പണി ചെയ്താണ് ഇരുവരും ജീവിക്കുന്നത്. കഴിഞ്ഞ ഓണത്തിനു രത്നാവതി നാട്ടിലേക്കു പോയതാണ്. പൊങ്കൽ സമയത്തു മഹേഷ്കുമാറും പോയി. തുടർന്നു രണ്ടു ദിവസം മുൻപ് ഇരുവരും ഒരുമിച്ചു കാഞ്ഞൂരിലേക്കു മടങ്ങി. വരുന്ന വഴിക്കും ഇവർ തമ്മിൽ വഴക്കുണ്ടായെന്നു പൊലീസ് പറഞ്ഞു. രാത്രിയാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.
English Summary: Woman murder husband arrested in Kochi