ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റിൽ കേരളത്തിനു കിട്ടേണ്ട ഒരു പരിഗണനയും കിട്ടിയിട്ടില്ലെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സാധാരണക്കാർക്ക് ഏറെ സഹായകരമായ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കുറച്ചു. ഭക്ഷ്യ സബ്സിഡിക്കുള്ള പണം 2,14,696 കോടിയിൽ നിന്ന് 1,57,207 കോടിയായി കുറച്ചു. നെല്ലും ഗോതമ്പും സംഭരിക്കുന്നതിനുള്ള പണം 72,283 കോടിയിൽ‌ നിന്ന് 59,000 കോടിയായി കുറഞ്ഞു. 

മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നതനുസരിച്ച് കേന്ദ്രാവിഷ്കൃത പദ്ധതികൾ അനുവദിക്കാനുള്ള തീരുമാനവും കേരളത്തിനു തിരിച്ചടിയായേക്കാം. 

കേരളം പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നുവെങ്കിലും ഇതു വിലയിരുത്തുന്ന മാനദണ്ഡങ്ങൾ പലപ്പോഴും യുക്തിസഹമല്ല. സംസ്ഥാനങ്ങളുടെ വിഷയമായ സഹകരണ മേഖലയിൽ കേന്ദ്രം പിടിമുറുക്കുന്നതിന്റെ സൂചനയും ബജറ്റിലുണ്ട്. 

കേരളം ഏറെക്കാലമായി ആഗ്രഹിക്കുന്ന എയിംസ് ഇക്കുറിയും ഒഴിവാക്കി. റെയിൽവേ മേഖലയിലും കേരളത്തിനായി പുതിയ പ്രഖ്യാപനങ്ങളില്ല. പ്രവാസികൾക്കായി പ്രത്യേക പദ്ധതി ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചില്ല. കേന്ദ്രത്തിന്റെ ഇൗ വർഷത്തെ പുതുക്കിയ കണക്ക് അനുസരിച്ച് ധനക്കമ്മി 6.4% ആണ്. കേരളത്തിൽ 3.7% എത്തിയപ്പോൾ തന്നെ വലിയ കോലാഹലമാണുണ്ടായത്. 

കേന്ദ്രത്തിന്റെ ആകെ വരുമാനമായ 41,87,332 കോടിയിൽ 17,55,319 കോടിയും കടമെടുപ്പിലൂടെയാണു കിട്ടുന്നത്. വരവിന്റെ 41% തുകയും കടമെടുപ്പിലൂടെ കണ്ടെത്തുന്ന കേന്ദ്ര സർക്കാരാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് ശ്വാസം മുട്ടിക്കുന്നത്. ആദായ നികുതി സ്ലാബിലെ പരിഷ്കാരം കൊണ്ട് ഒരു നേട്ടവും ജനങ്ങൾക്കില്ല. അതേസമയം, 38,000 അധ്യാപകരെ നിയമിക്കും, റബറിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിക്കും എന്നീ പ്രഖ്യാപനങ്ങൾ‌ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. 

English Summary : Minister KN Balagopal response about union budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com