ബജറ്റ് പുസ്തകത്തിന്റെ മുഖമായി ബേഡ് ഇൻ സ്പേസ്
Mail This Article
തിരുവനന്തപുരം ∙ റുമാനിയൻ ശിൽപി കോൺസ്റ്റന്റൈൻ ബ്രൻകുഷിന്റെ പ്രശസ്ത ശിൽപം ‘ബേഡ് ഇൻ സ്പേസ്’ ആണ് ഇത്തവണ പുസ്തകരൂപത്തിലുള്ള ബജറ്റ് പ്രസംഗത്തിന്റെ മുഖചിത്രം. 1923 ൽ മാർബിളിൽ കൊത്തിയ ശിൽപം അതിരുകളില്ലാത്ത ആകാശത്തെ വിഭാവനം ചെയ്യുന്നതാണ്. പക്ഷിയുടെ ശരീരം, ചിറക് തുടങ്ങിയവയെ അപേക്ഷിച്ച് ഉയരത്തിൽ പറക്കാനുള്ള ശേഷിയാണു പ്രതീകാത്മകമായി അവതരിപ്പിക്കുന്നത്.
ചിത്രകാരികളായ ശ്രീജ പള്ളം, ഇ.എൻ.ശാന്തി, ചിത്രകാരന്മാരായ ബിജി ഭാസ്കർ, അജീഷ് പുരുഷോത്തമൻ എന്നിവരുടെ പെയിന്റിങ്ങുകളാണ് ബജറ്റ് രേഖകളടങ്ങിയ പുസ്തകങ്ങളുടെ മുഖചിത്രമായത്. ആലപ്പുഴയിൽ നടന്ന ‘ലോകമേ തറവാട്’ പ്രദർശനത്തിനായി ശ്രീജ പള്ളം വരച്ച 40 ചിത്രങ്ങളുടെ സങ്കലനമാണ് ‘ബജറ്റ് – റിസർച് ആൻഡ് ഡവലപ്മെന്റ്’ എന്ന പുസ്തകത്തിന്റെ മുഖചിത്രം. 40 തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ചിത്രീകരണമാണിത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശ്രീജ പഴയ ലക്കിടി ജിഎസ്ബിഎസിൽ അധ്യാപികയാണ്.
‘മീഡിയം ടേം ഫിസ്കൽ പോളിസി ആൻഡ് സ്ട്രാറ്റജി സ്റ്റേറ്റ്മെന്റ് വിത്ത് മീഡിയം ടീം ഫിസ്കൽ പ്ലാൻ കേരള’ എന്ന പുസ്തകത്തിന് ഇ.എൻ.ശാന്തിയുടെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ ശാന്തി തൃശൂർ ജവാഹർ ബാലഭവനിൽ അധ്യാപികയാണ്.
‘ജെൻഡർ ആൻഡ് ചൈൽഡ് ബജറ്റ്’ വിഭാഗത്തിൽ എറണാകുളം പോത്താനിക്കാട് സ്വദേശി ബിജി ഭാസ്കറിന്റെ ചിത്രമാണ് മുഖചിത്രം.
‘ബജറ്റ് ഇൻ ബ്രീഫ്’ എന്ന പുസ്തകത്തിന്റെ കവർ തേഞ്ഞിപ്പലം സ്വദേശിയും കാലിക്കറ്റ് സർവകലാശാല ഉദ്യോഗസ്ഥനുമായ അജീഷ് പുരുഷോത്തമനാണു തയാറാക്കിയത്. മൊബൈൽ ഫോൺ കാൻവാസാക്കി വിരലുകൾ കൊണ്ടാണ് വര. ബജറ്റിന്റെ ഭാഗമായുള്ള ‘ക്ലൈമറ്റ് ബജറ്റ്’ എന്ന പുസ്തകം അച്ചടിയിലാണ്.
English Summary: Kerala budget 2023 speech cover page